
വാരാണസി: ആധുനികതയുടെയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന്റെയും സംഗമം രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ശക്തിയെയും ദര്‍ശനത്തെയും അടയാളപ്പെടുത്തുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഭാരതത്തില്‍ പാരമ്പര്യവും ആധുനികതയും തമ്മില്‍ ഒരിക്കലും സംഘര്‍ഷത്തിലായിട്ടില്ല. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഴയ അറിവിനെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നത് നമ്മുടെ സ്വഭാവമാണ്. കാലം എത്ര മാറിയാലും, പഴയതും പുതിയതും വ്യത്യസ്ത അസ്തിത്വങ്ങളല്ല, മറിച്ച് ഒരേ ഒഴുക്കിന്റെ രണ്ട് മാനങ്ങളാണെന്ന കാഴ്ചപ്പാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാല സ്വതന്ത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക സാഹിത്യ സമ്മേളനം ‘കാശി ശബ്ദോത്സത്തില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.
പരമ്പരാഗത അറിവും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഒരു ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് കാശി വിശ്വവിദ്യാലയത്തിന്റെ ലക്ഷ്യം. ഇത്തരമൊരു പരിശ്രമം നടന്നിരുന്നില്ലെങ്കില്‍ ഭാരതത്തിന്റെ അറിവിനെയും സംസ്‌കാരത്തെയും നശിപ്പിക്കാന്‍ ആഗ്രഹിച്ച പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചന വിജയിക്കുമായിരുന്നു.
ഇന്ന്, കൃത്രിമബുദ്ധിയുടെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുന്നൂറ് വര്‍ഷമായി, സാങ്കേതികവിദ്യ, യന്ത്രങ്ങള്‍, വിപണികള്‍ എന്നിവ മനുഷ്യജീവിതത്തെ സുഗമമാക്കിയിട്ടുണ്ട്, അതേസമയം അവ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സംവേദനക്ഷമതയെ ഇല്ലാതാക്കിയിട്ടുണ്ട്. പല രാജ്യങ്ങളിലും, കുടുംബ ഘടനകള്‍, സാമൂഹിക ബന്ധങ്ങള്‍, പരിസ്ഥിതി എന്നിവ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. അടിസ്ഥാനപരമായ ചോദ്യം സാങ്കേതികവിദ്യയെ ആര് നിയന്ത്രിക്കുമെന്നതാണ്? സാങ്കേതികവിദ്യയും വിപണികളും മനുഷ്യജീവിതത്തെ നിര്‍ണ്ണയിക്കുമോ എന്ന ചോദ്യവും ഉയരുന്നു.
നമ്മുടെ പാരമ്പര്യം ശക്തിയെയും സദ്ഗുണത്തെയും സംയോജിപ്പിച്ചതാണ്. സദ്ഗുണമില്ലാത്ത ശക്തി നാശത്തിലേക്ക് നയിക്കുന്നു. ധാര്‍മ്മിക ശക്തി ലോകക്ഷേമത്തിന് ഉപകരിക്കുന്നു. കൊവിഡ് കാലത്ത് ശക്തരും സമ്പന്നരുമായ രാജ്യങ്ങള്‍ വാക്‌സിനുകളെ വിപണിയുടെയും ലാഭത്തിന്റെയും കണ്ണില്‍ കണ്ടപ്പോള്‍ നമ്മള്‍ സേവനത്തിന്റെയും മാനവികതയുടെയും കാഴ്ചപ്പാടാണ് സ്വീകരിച്ചതെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.
ഭാരതമിന്ന് എല്ലാ മേഖലയിലും തുടര്‍ച്ചയായി മുന്നേറുന്നു. സാമ്പത്തിക പുരോഗതിക്കൊപ്പം, സംസ്‌കാരം, പരിസ്ഥിതി, കുടുംബം, ധാര്‍മ്മികത, മാനവികത എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സാമ്പത്താണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വിശ്വസിക്കുന്ന തെറ്റ് പല പാശ്ചാത്യ രാജ്യങ്ങളും ചെയ്തിട്ടുണ്ട്, ഭാരതം ഈ തെറ്റിലേക്ക് പോവരുത്. സാങ്കേതിക പുരോഗതിയെ ഭാരതീയ മൂല്യങ്ങളുമായി സമന്വയിപ്പിച്ചാല്‍ മാത്രമേ ഈ അവസരം അര്‍ത്ഥവത്താക്കാന്‍ കഴിയൂ. സ്വഭാവ രൂപീകരണം ഈ പ്രക്രിയയില്‍ പരമപ്രധാനമാണ്. വൈവിധ്യമുണ്ടായിട്ടും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം ഐക്യത്തോടെ നിലനിന്നത്, ജനങ്ങള്‍ക്ക് സ്വത്വബോധവും ധാര്‍മ്മികതയും ഉണ്ടായിരുന്നതിനാലാണ്. മത്സരത്തിലല്ല, പരസ്പരപൂരകതയിലാണ് നമ്മള്‍ വിശ്വസിക്കുന്നത്.
സംഭാഷണമാണ് സംസ്‌കാരത്തിന്റെ കാതല്‍. സംഭാഷണമില്ലാതെ, കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്‌ട്രങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. ലോകസമാധാനത്തിന്റെ അടിത്തറ സംഭാഷണം, ധാരണ, സഹാനുഭൂതി എന്നിവയിലാണ്. ഭാഷാ തര്‍ക്കങ്ങള്‍, പ്രാദേശിക വാദം, വംശീയ വിഭജനം തുടങ്ങിയവയെല്ലാം ഭാരതത്തിന്റെ ഐക്യത്തിനെതിരായ ഗൂഢാലോചനകളാണ്. കാശി-തമിഴ് സംഗമം പോലുള്ള സംരംഭങ്ങള്‍ തെളിയിക്കുന്നത് സംഭാഷണത്തിലൂടെയും സംസ്‌കാരത്തിലൂടെയും ഐക്യവും സമഗ്രതയും കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ ഹനുമാന്‍ നിവാസ് ആചാര്യന്‍ മിഥിലസാനന്ദനി ശരണ്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ പ്രൊഫ. അജിത് കുമാര്‍ ചതുര്‍വേദി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഹരേന്ദ്ര കുമാര്‍ റായ് എന്നിവര്‍ സംസാരിച്ചു.