
വര്‍ക്കല: മതങ്ങള്‍ക്കതീതമായി മാനവസൗഹൃദം വിളംബരം ചെയ്യാന്‍ ഭാരതത്തിന് സാധിക്കുന്നത് സനാതനധര്‍മ്മ പാരമ്പര്യം കൊണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ‘ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരന്‍.
സനാതന ധര്‍മത്തില്‍ നിന്ന് ബഹുസ്വര സമൂഹസൃഷ്ടിക്ക് പ്രായോഗികമായ ദര്‍ശനം ശ്രീനാരായണ ഗുരുദേവന്‍ കാണിച്ചു തന്നു. ഗുരുവിന്റെ ഏകലോക ദര്‍ശനം മനുഷ്യരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വഴികാട്ടിയാണ്. ലോകത്തെല്ലായിടത്തും സംരക്ഷണവാദം തഴച്ചുവളരുന്ന കാലത്ത് ഗുരുദര്‍ശനത്തിനു പ്രസക്തി കൂടുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ഗണപതി മിത്തെന്നും അയ്യപ്പന്റെ കല്യാണം കഴിഞ്ഞെന്നും പറയുന്നവര്‍ക്ക് അത് പറയാന്‍ സാധിക്കുന്നത് സനാതന വിശ്വാസികളുടെ സഹിഷ്ണുത കൊണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നു അര്‍ത്ഥശങ്ക ഇല്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ഗുരുദേവനെന്നും വി. മുരളീധരന്‍ പറഞ്ഞു.