ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ആയുധ നിര്‍മ്മാണശാലയില്‍ നിര്‍മിച്ച പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ബാച്ച് സൈന്യത്തിനു കൈമാറിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ യുദ്ധപരാജയങ്ങളില്‍ നിന്ന് ഇനിയും പാഠം പഠിക്കാത്ത പാക്കിസ്ഥാനുള്ള കനത്ത മുന്നറിയിപ്പാണ്. ബ്രഹ്‌മോസ് അതിവേഗ ക്രൂയിസ് മിസൈലിന്റെ അതിശക്തമായ പ്രഹര ശേഷിയും ദൂരപരിധിയും സംബന്ധിച്ച് പാക്കിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ ഓര്‍മ്മപ്പെടുത്തുകയാണ് രാജ്‌നാഥ് സിങ് ചെയ്തത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈല്‍ വിഭാഗങ്ങളിലൊന്നായാണ് ബ്രഹ്‌മോസ് കണക്കാക്കപ്പെടുന്നത്. ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂണാണ് ബ്രഹ്‌മോസ് മിസൈലിന്റെ പുതിയ പതിപ്പ്.
ഇപ്പോള്‍ പാക്കിസ്ഥാനിലെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിക്കുള്ളിലാണെന്നും, ഓപ്പറേഷന്‍ സിന്ദൂര്‍ അതിന്റെ തെളിവാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. വിജയം ഇപ്പോള്‍ ഭാരതത്തിന് ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും, രാജ്യം അതിന്റെ പ്രതിരോധശേഷി കൂടുതല്‍ വര്‍ധിപ്പിക്കണമെന്നുമുള്ള പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ നമ്മുടെ രാജ്യത്തോട് ശത്രുത കൊണ്ട് നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു ട്രെയിലറായിരുന്നു. അതിലൂടെ ഇനി എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഇസ്ലാമിക ഭീകരവാദികള്‍ മതം നോക്കി കൊലപ്പെടുത്തിയതിന് പ്രതികാരമായി പാക്കിസ്ഥാനില്‍ ഭാരതം സ്വീകരിച്ച നാല് ദിവസത്തെ സൈനിക നടപടി ആ രാജ്യം ഒരിക്കലും മറക്കില്ല. അതിന്റെ ഓര്‍മ്മ തന്നെ അവരെ ഭയപ്പെടുത്തും. അത്രയ്‌ക്ക് ശക്തമായിരുന്നു ആ തിരിച്ചടി. അന്ന് ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ ഭാരതസൈന്യം ആക്രമിച്ചിരുന്നു.
ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈലിന് ശബ്ദത്തിന്റെ മൂന്നിരട്ടിയോളം വേഗതയില്‍ 500 കിലോമീറ്റര്‍ വരെ അകലെയുമുള്ള ലക്ഷ്യങ്ങളെ കൃത്യമായി തൊടാനുള്ള ശേഷിയുണ്ട്.
ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ മിസൈലിന്റെ പുതിയ വകഭേദത്തിന് 800 കിലോമീറ്റര്‍ ദൂരം വരെ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. ഭൂമി, ആകാശം, സമുദ്രം എന്നിവയില്‍ നിന്നെല്ലാം വിക്ഷേപിക്കാനുള്ള ബ്രഹ്‌മോസ് മിസൈലിന്റെ കഴിവ് ഭാരത സായുധ സേനയ്‌ക്ക് അത്യന്തം വിപുലമായ കരുത്ത് സമ്മാനിക്കുന്നു. ഈ മിസൈലിന്റെ മൂന്നു വകഭേദങ്ങളും നമ്മുടെ സേന ഇപ്പോള്‍ തന്നെ ഉപയോഗിച്ചുവരുന്നു.
ഇതിന് പരമ്പരാഗത പോര്‍മുനയും മാര്‍ഗനിര്‍ദേശ സംവിധാനവുമുണ്ട്. അതിവേഗത്തില്‍ ദീര്‍ഘദൂര ലക്ഷ്യങ്ങളെ തൊടാനുള്ള കഴിവുണ്ട്. വേഗത, കൃത്യത, ശക്തി-ഈ മൂന്നു ഗുണങ്ങളുടെ സംയോജനമാണ് ബ്രഹ്‌മോസിനെ ലോകത്തിലെ മികച്ച സംവിധാനങ്ങളില്‍ ഒന്നാക്കുന്നത്. ഇതിനാലാണ് ഈ മിസൈല്‍ നമ്മുടെ സായുധ സേനയുടെ നട്ടെല്ലായി മാറിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് പറഞ്ഞതുപോലെ ഭാരതത്തിന്റെ വളരുന്ന ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന ശേഷിയുടെ ഉജ്വലമായ പ്രതീകമാണ്.
ഹൈദരാബാദിലെ ആയുധ നിര്‍മ്മാണശാല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധ നിര്‍മ്മാണശാലയാണ് ലഖ്‌നൗവിലേത്. ഉദ്ഘാടനം കഴിഞ്ഞ് വെറും അഞ്ചു മാസത്തിനുള്ളില്‍ ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് സൈന്യത്തിന് കൈമാറാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ലക്‌നൗവിലെ ശാലയില്‍ വര്‍ഷംതോറും 100 മിസൈല്‍ വീതം നിര്‍മ്മിക്കാന്‍ കഴിയും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 3,000 കോടി രൂപയുടെ ടേണ്‍ ഓവറാണ് ലക്ഷ്യമിടുന്നത്.
ബ്രഹ്‌മോസ് വെറുമൊരു മിസൈല്‍മാത്രമല്ല, ഭാരതത്തിന്റെ വളരുന്ന ആഭ്യന്തര ശേഷികളുടെ പ്രതീകവുമാണെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ഭാരതത്തിന്റെ പ്രതിരോധ മേഖല ഇതുവരെ ഒരു ഇറക്കുമതിക്കാരനായിരുന്നു. ഇപ്പോള്‍ കയറ്റുമതിക്കാരനിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആയുധങ്ങളുടെ കാര്യത്തില്‍ ഭാരതം ഇപ്പോള്‍ സ്വീകരിക്കുന്നവനല്ല, നല്‍കുന്നവനാണ്. ബ്രഹ്‌മോസ് ഫിലിപ്പൈന്‍സിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രസീല്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും ഭാരതത്തിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 4,000 കോടി രൂപയുടെ കരാറുകളാണ് ഒപ്പുവച്ചത്. ഭാരതത്തെ വെല്ലുവിളിച്ചാല്‍ കടന്നാക്രമിച്ചാല്‍ പാക്കിസ്ഥാനെന്നല്ല ഏതു രാജ്യവും അതിന്റെ വില നല്‍കേണ്ടിവരും.