
ബ്രിസ്‌ബേന്‍: മഴ കനത്തു, ഓസ്‌ട്രേലിയക്കെതിരായ ഭാരതത്തിന്റെ അവസാന ട്വന്റി20 മത്സരവും ഉപേക്ഷിച്ചു. പരമ്പരയില്‍ 2-1ന് മുന്നിട്ടു നിന്ന ഭാരതം ജേതാക്കളായി. അഞ്ച് മത്സര പരമ്പരയില്‍ ആദ്യത്തേതും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
2021ന് ശേഷം ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ നേരിടുന്ന തുടര്‍ച്ചയായ നാലാം പരാജയമാണിത്. ഇതില്‍ മൂന്നിലും ഭാരതത്തിനോടാണ് കീഴടങ്ങിയത്. ഒരെണ്ണം ഇംഗ്ലണ്ടിനോടും.
മഴ ഭീതി നിലനിന്നിരുന്ന ഗാബയില്‍ ഇന്നലെ ടോസ് നിര്‍ണയിച്ച് മത്സരം തുടങ്ങിയ ശേഷമാണ് മഴ കനത്തു പെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം 4.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 52 റണ്‍സെടുത്ത് നല്ല തുടക്കമിടുകയും ചെയ്തു. അഭിഷേക് ശര്‍മയും(23) ശുഭ്മന്‍ ഗില്ലും(29) പുറത്താകാതെ നിന്നു. ബെന്‍ ഡാര്‍ഷൂയിസ് എറിഞ്ഞ ആദ്യ ഓവറില്‍ അഭിഷേകിനെ പിടികൂടാനുള്ള അവസരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിട്ടുകളഞ്ഞു.
പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അഭിഷേക് ശര്‍മയാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഭാരതത്തിന് മികച്ച തുടക്കം നല്‍കാന്‍ അഭിഷേക് ശര്‍മയ്‌ക്ക് സാധിച്ചു. താരത്തിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം ഓരോ കളിയിലും ഭാരത ഇന്നിങ്‌സിന് വലിയമികവായിമാറുകയായിരുന്നു. ഭാരതം പരാജയപ്പെട്ട മത്സരത്തില്‍ ടീമിന് മാന്യമായ സ്‌കോര്‍ സ്വന്തമാക്കാനായത് അഭിഷേകിന്റെ അര്‍ദ്ധ സെഞ്ച്വറി(68) കാരണമാണ്. മത്സരത്തില്‍ ഭാരതം 125 റണ്‍സിനാണ് പുറത്തായത്. ആതിഥേയരായ ഓസ്‌ട്രേലിയ ഈ ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. തൊട്ടടുത്ത രണ്ട് മത്സരങ്ങളില്‍ ജയിച്ച് ഭാരതം പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പാക്കി. അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. ഭാരതം പരാജയപ്പെട്ടിരുന്നെങ്കില്‍ പോലും 2-2ന് പരമ്പര സമനിലാകുമായിരുന്നുള്ളൂ.
ഇന്നലത്തെ മത്സരത്തോടെ ഭാരതത്തിന്റെ ഓസീസ് പര്യടനം സമാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ ആണ് ജയിച്ചത്. ഇനി നാട്ടിലേക്ക് തിരിക്കുന്ന ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി തയ്യാറെടുത്തു തുടങ്ങും.