
പുനെ (മഹാരാഷ്‌ട്ര): ഭാരതത്തെ മനസിലാക്കാന്‍ സംസ്‌കൃതഭാഷ അറിയണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി പറഞ്ഞു. ഭാരതീയ ദര്‍ശനം, ശാസ്ത്രം, ചിന്ത, മൂല്യങ്ങള്‍ എന്നിവ മനസിലാക്കാന്‍, സംസ്‌കൃതത്തിന് ബദലില്ല. സംസ്‌കൃതമില്ലാതെ ഭാരതീയത യഥാര്‍ത്ഥത്തില്‍ അപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു.
തിലക് റോഡിലെ ഗണേഷ് ഓഡിറ്റോറിയത്തില്‍ സംസ്‌കൃതഭാരതി സംഘടിപ്പിച്ച 10 സംസ്‌കൃത പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കൃതം മൃതഭാഷയാണെന്ന് പറയുന്നവര്‍ ഭാരതത്തെ അറിയാത്തവരാണ്. മരിച്ചു മണ്ണടിഞ്ഞുവെന്ന് കരുതിയ ഹീബ്രുവിനെ ഇസ്രായേല്‍ പുനരുജ്ജീവിപ്പിച്ചത് ഓര്‍മിക്കണം. നമുക്ക് നമ്മുടെ ഭാഷയോട് അഭിമാനം ഉണ്ടായിരിക്കണമെന്ന് സുരേഷ് ജോഷി പറഞ്ഞു.
കേന്ദ്ര സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി പ്രൊഫ. വെമ്പതി കുടുംബശാസ്ത്രി, അഖിലഭാരതീയ ഗീത ശിക്ഷാപ്രമുഖ് ശിരീഷ് ഭേഡ്സംഗാവ്കര്‍, സംസ്‌കൃത ഭാരതിയുടെ പശ്ചിമ മധ്യക്ഷേത്ര അധ്യക്ഷനും ഡെക്കാന്‍ കോളജ് ഡീംഡ് യൂണിവേഴ്സിറ്റി വിസിയുമായ ഡോ. പ്രസാദ് ജോഷി, പശ്ചിമ മഹാരാഷ്‌ട്ര പ്രാന്ത അധ്യക്ഷന്‍ കേണല്‍ സതീഷ് പരഞ്ജപെ, പൂനെ മഹാനഗര്‍ അധ്യക്ഷന്‍ ഡോ. രാമചന്ദ്ര സിദ്ധ തുടങ്ങിയവര്‍ പങ്കെടുത്തു.
വന്ദനാ ചന്ദ്രനാഗ്രാമാത്, ഗ്രന്ഥരത്നരശ്മി, പ്രഭുചിത്തം, വര്‍ത്തമാന സന്ദര്‍ഭേ ഹിന്ദുത്വസ്യ, ധ്വനിഃ, ഭാഷാ-വിശകലനരശ്മി, അസ്മാകം ഗൃഹം, ഉദ്ഗാരാഃ, ഭരതമുനിപ്രണീതം നാട്യശാസ്ത്രം, കൗടിലീയാര്‍ഥശാസ്ത്രം എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്തത്.