• Sat. Mar 1st, 2025

24×7 Live News

Apdin News

ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

Byadmin

Mar 1, 2025


തിരുവനന്തപുരം: ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അഖിലഭാരതീയ ശൈഷിക് മഹാസംഘ് കേരള യൂണിവേഴ്‌സിറ്റി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസ്‌ക്ലബ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം രാഷ്‌ട്രഹിതത്തിന് വേണ്ടിയുള്ളതാകണം. അത്തരം അധ്യാപകരെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ പദ്ധതിയുണ്ടാകണം. ഇതിനാവശ്യമായ വിധത്തിലുള്ള അദ്ധ്യാപക കേന്ദ്രിതമായ വിദ്യാഭ്യാസ പദ്ധതിയായിരുന്നു വൈദേശികാദ്ധ്യപനത്തിനു മുമ്പ് ഭാരതത്തില്‍ ഉണ്ടായിരുന്നത്.

ആയിരം കൊല്ലം മുമ്പുണ്ടായ വൈദേശികാക്രമണങ്ങളില്‍ രാജ്യം വെട്ടിപ്പിടിക്കുക മാത്രമായിരുന്നില്ല, നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളും ആധ്യാത്മിക ദാര്‍ശനിക കേന്ദ്രങ്ങളും തകര്‍ക്കുകയും ലക്ഷ്യമിട്ടിരുന്നു. കൊളോണിയല്‍ കാലത്ത് പഠിപ്പിച്ച തെറ്റായ ചരിത്രപാഠങ്ങള്‍ തന്നെയാണ് ഇന്നും തുടരുന്നത്.

ഭാരതീയ സംസ്‌കാരത്തെ നശിപ്പിച്ച് അവിടെ കള്‍ച്ചറല്‍ മാര്‍ക്‌സിസം പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ അധിക്ഷേപിക്കാനുള്ള പ്രവണത വര്‍ധിക്കുന്നു.

കുംഭമേളയെപ്പോലും അധിക്ഷേപിക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട്. കുംഭമേളയ്‌ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഔദ്യോഗിക താമസസൗകര്യം ഒരുക്കാത്ത ഏക സംസ്ഥാനം കേരളമാണ്.

1855 ലെ ഹരിദ്വാര്‍ കുംഭമേളയില്‍ സ്വാമി ദയാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ഥാടകരോട് നടത്തിയ ആഹ്വാനത്തിന്റ പ്രതിഫലനമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നിമിത്തമായത്, നന്ദകുമാര്‍ പറഞ്ഞു.

കൊളോണിയല്‍ ഭരണകാലത്ത് അവര്‍ നമ്മുടെ സംസ്‌കാരത്തില്‍ വിഷം ചേര്‍ത്തു. ആ പാഠങ്ങള്‍ ഇന്നും പഠിപ്പിക്കുന്നു.
സ്വാതന്ത്ര്യം കിട്ടിയ പുലരിയില്‍തന്നെ നമ്മുടെ വിദ്യാഭ്യാസത്തില്‍ തിരുത്തലുകള്‍ ആവശ്യമായിരുന്നു. അന്നത്തെ ഭരണാധികാരികള്‍ അതിന് തയാറായിരുന്നില്ല. നമുക്ക് ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണ്ടതുണ്ട്. അതിന് ഉതകുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാര്‍ ടി.ജി. നായര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍, ദിലീപ്കുമാര്‍, പ്രൊഫ. എ. ഉണ്ണികൃഷ്ണന്‍, ഡോ. സി.വി. ജയമണി, ഡോ. മിനി വേണുഗോപാ
ല്‍ എന്നിവര്‍ സംസാരിച്ചു.



By admin