ഭോപ്പാൽ ; ഭാരത് മാതയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് ആസാദ് ഖാൻ ജിലാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സിറോഞ്ച് പ്രദേശത്ത് നിന്നാണ് ആസാദ് ഖാൻ ജിലാനിയെ അറസ്റ്റ് ചെയ്തത് . ആർഎസ്‌എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ നാണയത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ജിലാനി ഭാരത് മാതാവിനെ “മന്ത്രവാദിനി” എന്നാണ് വിശേഷിപ്പിച്ചത് .
“ഭൂതങ്ങൾ ഈ മന്ത്രവാദിനിയെ ആരാധിക്കട്ടെ. ത്രിവർണ്ണ പതാക പിടിക്കാത്തവൻ നമ്മുടെ ഭാരത് മാതയല്ല” എന്ന് ജിലാനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലുള്ള സംഘടനകളും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ജിലാനി ദേശീയ ചിഹ്നങ്ങളെ അപമാനിക്കുകയും വർഗീയ സംഘർഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സിറോഞ്ച് പോലീസ് സ്റ്റേഷനിൽ പരാതികൾ ഫയൽ ചെയ്തു.
കഴിഞ്ഞ ദിവസം ജിലാനിയ്‌ക്കെതിരെ നാട്ടുകാർ തെരുവുകളിൽ പ്രതിഷേധിച്ചു . ജിലാനിയുടെ കോലം കത്തിക്കുകയും അദ്ദേഹത്തിന്റെ ചിത്രം ചവിട്ടിമെതിക്കുകയും ചെയ്തു. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 299 പ്രകാരം പോലീസ് ആസാദ് ജിലാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ഷംഷാബാദിനടുത്ത് വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം, പോലീസ് ജിലാനിയെ കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ച് തെരുവുകളിലൂടെ നടത്തിച്ചു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വൈറൽ വീഡിയോയിൽ, ജിലാനി ചെവികളിൽ പിടിച്ച് “ഭാരത് മാതാ കീ ജയ്” എന്ന് വിളിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്നത് കാണാം.