• Sat. Sep 6th, 2025

24×7 Live News

Apdin News

ഭാരത-സിങ്കപ്പൂര്‍ ബന്ധം നയതന്ത്രത്തിനും അതീതം: മോദി

Byadmin

Sep 5, 2025



ന്യൂദല്‍ഹി: സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഭാരതത്തില്‍. ഭാരത-സിങ്കപ്പൂര്‍ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വോങ്ങിന്റെ ഭാരത സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി- നയതന്ത്ര ബന്ധം ശക്തമാക്കാനും
ലക്ഷ്യമിട്ടാണ് വോങ്ങിന്റെ ഭാരത സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വോങ് കൂടിക്കാഴ്ച നടത്തി.

ഭാരത-സിങ്കപ്പൂര്‍ ബന്ധം നയതന്ത്രത്തിനും അതീതമാണെന്ന് വോങ്ങുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ദല്‍ഹി ഹൈദരാബാദ് ഹൗസില്‍ സിങ്കപ്പൂര്‍ പ്രധാനമന്ത്രിക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സന്ദര്‍ശനം. ഭീകരാക്രമണങ്ങള്‍ക്കെതിരെ രാജ്യങ്ങള്‍ ഒത്തൊരുമിച്ചു നിന്ന് പോരാടണം, രാജ്യങ്ങളുടെ കടമയാണിത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭാരതത്തിലെ ജനങ്ങളെ അനുശോചനം അറിയിച്ചതിലും ഭീകരവാദത്തിനെതിരായ നമ്മുടെ പോരാട്ടത്തിന് പിന്തുണ നല്കിയതിലും സിങ്കപ്പൂരിനെ നന്ദി അറിയിക്കുന്നു, മോദി പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കന്‍ നയത്തില്‍ സിങ്കപ്പൂരിന് ശക്തമായ പങ്കുണ്ട്. ഇന്‍ഡോ- പസഫിക് മേഖലയിലെ സഹകരണവും സമാധാനവും സ്ഥിരതയും സംബന്ധിച്ച് നമ്മുടേയും സിങ്കപ്പൂരിന്റേയും കാഴ്ചപ്പാട് ഒന്നാണ്. അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സുമായുള്ള (ആസിയാന്‍) സഹകരണം ഭാരതം ഇനിയും തുടരും. സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി, ബഹിരാകാശം എന്നീ മേഖലകളില്‍ ഭാരതവും സിങ്കപ്പൂരുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കും.

യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം അവസാനത്തോടെ ഭാരതം-സിങ്കപ്പൂര്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കും. ഡിജിറ്റല്‍ കണക്ടിവിറ്റി മേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിലാണ്. യുപിഐയും പേ- നൗവും ഇന്ത്യ- സിങ്കപ്പൂര്‍ ഡിജിറ്റല്‍ കറന്‍സിയുടെ വിജയകരമായ ഉദാഹരണങ്ങളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിലെ നൈപുണ്യ വികസന സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് വോങ്ങും അറിയിച്ചു.

ചൈന്നൈയിലെ നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പങ്കാളിയാകാന്‍ ഭാരതം ക്ഷണം നല്‍കി, ഇത് വലിയ ബഹുമതിയായാണ് സിങ്കപ്പൂര്‍ കണക്കാക്കുന്നത്. വ്യോമയാനം, സെമികണ്ടക്ടറുകള്‍, മെയിന്റനന്‍സ് എന്നിമേഖലകളിലെ വ്യവസായ ആവശ്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും, വോങ് പറഞ്ഞു.

മുംബൈ ജെഎന്‍ പോര്‍ട്ട് പിഎസ്എ ടെര്‍മിനലിന്റെ (ബിഎംസിടി) രണ്ടാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിങ്കപ്പൂര്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് ദല്‍ഹിയില്‍ നിന്നും വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. ഇതോടെ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ജെഎനിന്റെ ശേഷി 4.8 ദശലക്ഷം ടിഇയു ആയി ഉയര്‍ന്നു. ചടങ്ങില്‍ തുറമുഖ ഷിപ്പിങ്, ജലഗതാഗത സഹമന്ത്രി ശാന്തനു ഥാക്കൂര്‍, പിഎസ്എ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗോബു സെല്ലയ്യ, ജെഎന്‍പി ചെയര്‍മാന്‍ ഉന്മേഷ് ശരദ് വാഗ് എന്നിവരും പങ്കെടുത്തു.

സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ ആദ്യ ഭാരത സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ
എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

By admin