
മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/വിമതരുടെ വെല്ലുവിളി
കണ്ണൂർ: സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ ആയിരുന്ന തളിപ്പറമ്പ മണ്ഡലത്തിൽ പകരക്കാരിയായി ഭാര്യ പി.കെ. ശ്യാമളയെ നിയോഗിച്ചതിൽ പാർട്ടിക്കുള്ളിൽ വൻ പ്രതിഷേധം. ശ്യാമളക്കെതിരേ വിമത സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ ക്മ്മിറ്റിയംഗവും മുതിർന്ന പാർട്ടി നേതാവുമായ ടി.കെ. ഗോവന്ദൻ പാർട്ടി വിമത സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചു. പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയിലാണ് ഈ തീരുമാനവും നീക്കവും.
നിലവിൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഹാൻവീവിന്റെ ചെയർമാനാണ്. തളിപ്പറമ്പ് സ്ഥാനാർത്ഥിയായി ശ്യാമളയെ നിശ്ചയിക്കുമെന്ന് സൂചനകൾ ഉണ്ടായതിനെ തുടർന്ന് ഇതു സംബന്ധിച്ച ഒരു യോഗത്തിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല.

സിപിഎം കുടുംബ വാഴ്ചയെ മറ്റു പാർട്ടികളിൽ നടക്കുമ്പോഴും പുച്ഛിക്കുകയും വിമർശിക്കുകയും പതിവാക്കിയിട്ടുള്ളവരാണ്. എന്നാൽ ജനപ്രതിനിധികളായ സഖാക്കൾക്ക് ജീവഹാനിയുണ്ടാകുകയോ മറ്റോ ചെയ്യുന്ന ഘട്ടങ്ങളിൽ സിപിഎമ്മും മുമ്പ് ഭാര്യയെയോ മക്കളേയോ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അന്നൊന്നും ആക്ഷേപം ഉണ്ടായിട്ടില്ല. പക്ഷേ പാർട്ടി സെക്രട്ടറിയായി എം. ഗോവിന്ദൻ തുടരുമ്പോൾ താൻ മത്സരിച്ച സീറ്റിൽ ഭാര്യയെ നിയോഗിച്ച മത്സരിക്കാൻ കൈക്കൊണ്ട തീരുമാനം അപമാനകരമാണെന്നാണ് പാർട്ടി പ്രവർത്തകരുടെ വിമർശനം.
മുമ്പ് എൽഡിഎഫ് കൺവീനറായിരിക്കെ വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവിനെ എംഎൽഎയാക്കി, മന്ത്രിയാക്കിയ സംഭവം ഗോവിന്ദനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഇഎംഎസ്സിന്റെ മകൻ അനിയനെ (ഇ.എം. ശ്രീധരനെ) സ്ഥാനാർത്ഥിയാക്കിയതും ചൂണ്ടിക്കാണിക്കുന്നു. പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും സ്ഥാനാർത്ഥികളല്ലേ എന്നും ചോദിക്കുന്നു. പക്ഷേ ഗോവിന്ദന്റെ ഭാര്യയുടെ തെരഞ്ഞെടുപ്പുപ്രവേശം അങ്ങനെ ന്യായീകരിക്കാനാവാത്തതാണ് ജില്ലയിൽ പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ അപമാനിക്കലാണ് എന്നാണ് വിമതപക്ഷക്കാരുടെ നിലപാട്.
പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ മാറ്റമില്ല. എം.വി. ഗോവിന്ദന് പകരം ടി.കെ. ഗോവിന്ദൻ വരുന്നത് പല തരത്തിൽ സിപിഎമ്മിന് വെല്ലുവിളിയാണ്.
ഏറ്റവും പ്രധാനം തിരഒവായ്‌ക്ക് എതിർവാ ഇല്ലെന്ന മട്ടിൽ നേതാക്കൾക്ക് അടിമകളായി കഴിഞ്ഞിരുന്ന പാർട്ടി പ്രവർത്തകർ നേതൃത്വത്തെ കണ്ണൂർ പാർട്ടിക്കോട്ടകളിലും ചോദ്യം ചെയ്യുന്നത് പാർട്ടിക്ക് ഷോക്ക് ആയിട്ടുണ്ട്.