
മലയാള സിനിമയിലെ സൂപ്പർതാരമായ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇന്ദ്രപ്രസ്ഥം. ഹരിദാസ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് റോബിൻ തിരുമല ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് റോബിൻ തിരുമല. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ദപ്രസ്ഥം എന്ന സിനിമയുടെ ക്യാമറാമാൻ സഞ്ജീവ് ശങ്കർ ആയിരുന്നു. സഞ്ജീവിന്റെ ആദ്യത്തെ ഇൻഡിപെൻഡന്റ് പടം ഗാന്ധാരി ആയിരുന്നു. ഞങ്ങളുമായി സഹകരിച്ച ആളായിരുന്നു. ചെന്നൈയിൽ ആഘോഷമായിട്ടാണ് ഷൂട്ട് നടന്നത്. ഒരുഭാഗത്ത് മണിരത്നം സംവിധാനം ചെയ്യുന്ന ഇരുവറിന്റെ ഷൂട്ട് നടക്കുകയാണ്. അവിടെ നിന്ന് സന്തോഷേട്ടൻ ഇടയ്‌ക്ക് ഇങ്ങോട്ട് വരും. സിമ്രാൻ, ദേവേട്ടൻ, മമ്മൂക്ക എന്നിവർ ഒക്കെ ഇവിടെയും.
ഞാൻ എന്റെ ഇളയമകൻ പ്രിൻസ് ഉണ്ടാവുന്നത് ഈ സമയത്താണ്. അന്ന് ഭാര്യ അഡ്‌മിറ്റായി കിടക്കുമ്പോൾ ഞാൻ അവിടെ നിന്ന് കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് വന്നതാണ്. അന്ന് പ്രത്യേക ഫോണാണ്, മൊബൈൽ ഒന്നുമില്ല. അബു സലിം വിളിക്കുകയാണ്. റോബിൻ ചേട്ടാ ആകെ പ്രശ്‌നമാണ് എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തുപറ്റിയെന്ന്. വിളി വന്നപ്പോൾ തന്നെ ഞാൻ ആകെ ടെൻഷൻ ആയിരുന്നു. മമ്മൂക്ക ആകെ ഡിസ്‌റ്റർബ്ഡ് ആണെന്ന് പുള്ളി പറഞ്ഞു.
എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. ക്ലൈമാക്‌സ് സീനുകളിലെ ഒന്ന് രണ്ട് ഡയലോഗ് മാറ്റണമെന്നാണ് പറയുന്നത് എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ ആ ഡയലോഗ് ഏതൊക്കെ ആണെന്നൊന്ന് പറഞ്ഞു തന്നാൽ ഞാൻ അത് മാറ്റി തരാമെന്ന്. അത് പറ്റില്ലെന്നും, അയാൾ തന്നെ വരണമെന്നുമാണ് പറഞ്ഞത്. അങ്ങനെ ഞാൻ ആകെ ടെൻഷൻ ആയി. വൈഫ് പറഞ്ഞു കുഴപ്പമില്ല പൊയ്‌ക്കോളൂ, ഇവിടെ ആളുകൾ ഒക്കെ ഉണ്ടല്ലോ എന്ന്.
ഞാൻ രാത്രി വെസ്‌റ്റ് കോസ്‌റ്റ് എന്ന ട്രെയിനിലാണ് പോവുന്നത്. എങ്ങനെയെല്ലോ രാവിലെ പ്രഭാതകൃത്യങ്ങൾ ചെയ്‌ത്, കുളിച്ചെന്ന് വരുത്തി നേരെ ലൊക്കേഷനിലേക്കാണ് പോയത്. റൂമിലേക്ക് ഒന്നും പോയില്ല. എന്താണെന്ന് വച്ചാൽ ഡയലോഗ് തിരുത്തണം, ഞാൻ തന്നെ ചെല്ലണം എന്ന് പറയുമ്പോൾ അത് വലിയ ആശങ്കയാണ്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ സമയത്ത് ഇരുവറിന്റെ ഷൂട്ട് സൈഡിൽ ഇങ്ങനെ നടക്കുന്നത് കാണാമായിരുന്നു.
ഞാൻ പറഞ്ഞു മമ്മൂക്ക എന്തിനാണ് കാണണമെന്ന് പറഞ്ഞതെന്ന് ചോദിച്ചു. എന്തോ ഡയലോഗ് മാറ്റണമെന്ന് പറഞ്ഞിരുന്നു എന്നൊക്കെ ചോദിച്ചു. നിങ്ങൾ ഇതെവിടെ പോയിരുന്നു, വൈഫ് പ്രസവിക്കാൻ കിടക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അതൊക്കെ അവർ പ്രസവിച്ചോളും അതിനേക്കാളും വലിയ ഡെലിവറി അല്ലേ ഇവിടെ നടക്കുന്നത് എന്നാണ് മമ്മൂക്ക പറഞ്ഞത്.
ഡയലോഗിന് എന്താണ് പ്രശ്‌നമെന്ന് ഞാൻ ചോദിച്ചു, അതിനെന്ത് പ്രശ്‌നം എന്നാണ് മറുപടി. ഒരു ചെറിയ കഷ്‌ണം മാറ്റാനാണ് പറഞ്ഞത്. അതിന് വേണ്ടിയാണ് എന്നെ വിളിച്ചുവരുത്തിയത്. ഇന്ദ്രപ്രസ്ഥം എന്ന സിനിമ തുടങ്ങിയത് മുതൽ ഇന്ന് വരെ എന്നെ നിങ്ങൾ എന്നാണ് വിളിച്ചിട്ടുള്ളത്. എന്നെ ഇതുവരെ പേര് വിളിച്ചിട്ടില്ല. അത്രയും പരസ്‌പര ബഹുമാനത്തോട് അദ്ദേഹം കാണുന്നു.
എനിക്ക് അത് വലിയ പ്രിവിലേജ് അല്ലേ. തുടക്കകാരനെ സംബന്ധിച്ച് ഇത്ര ചെറിയ കറക്ഷൻ പോലും എന്റെ സാന്നിധ്യത്തിൽ മാത്രമേ ചെയ്യുകയുള്ളൂ എന്ന് പറയുന്നത് എനിക്കുള്ള പ്രിവിലേജ് ആണ്. ഞാൻ അതിൽ സന്തോഷവാനായി. അതിൽ ഒരു പരിഭവുമില്ല. പക്ഷേ, ആ സിനിമ വിചാരിച്ച ഒന്നും അത്രയ്‌ക്ക് വിജയം ആയില്ല.