• Thu. Jan 15th, 2026

24×7 Live News

Apdin News

ഭാവന സ്ഥാനാര്‍ത്ഥിയാകും?നടി സമ്മതം മൂളുന്ന പക്ഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും

Byadmin

Jan 15, 2026



തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ അണിനിരത്താന്‍ സിപിഎമ്മും ആലോചിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്‌ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം നേതാക്കള്‍ തേടും. വരും ദിവസങ്ങളില്‍ താരവുമായി ആശയവിനിമയം നടത്താനാണ് തീരുമാനം. നടി സമ്മതം മൂളുന്ന പക്ഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന മത്സരത്തിന് സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ.

ഭാവനയെപ്പോലുള്ള ജനപ്രിയമുഖത്തെ മത്സരരംഗത്തിറക്കുന്നതോടെ, യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും വലിയ തരംഗം ഉണ്ടാക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക വിഷയങ്ങളിൽ നടി ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.

കൊട്ടാരക്കരയിലെ മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. ഇതിനെ വിസ്മയം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ വിസ്മയം സൃഷ്ടിക്കാനാണ് ഇടതുപക്ഷം ആലോചിക്കുന്നത്.

By admin