ചെന്നൈ: ഭാഷാ പ്രശ്നങ്ങളെ നിസ്സാരമായി കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കമല്‍ ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ (എംഎന്‍എം) എട്ടാം സ്ഥാപക ദിനത്തില്‍ ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയിലെ എംഎന്‍എം ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷനായ കമല്‍ ഹാസന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി.
തമിഴ് ജനത നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഭാഷയ്ക്കായുള്ള അവരുടെ പോരാട്ടത്തെക്കുറിച്ചും കമല്‍ ഹാസന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാടിന്റെ ചരിത്രപരമായ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.
‘ഒരു ഭാഷയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ചവരാണ് തമിഴര്‍. അതുകൊണ്ട് അക്കാര്യത്തില്‍ കളിക്കാന്‍ നില്‍ക്കരുത്. കുട്ടികള്‍ക്ക് പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.
‘ഞാന്‍ വളരെ വൈകി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുകൊണ്ടുതന്നെ എനിക്ക് പരാജയം തോന്നുന്നുണ്ട്. 20 വര്‍ഷം മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍, എന്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു,’ പരാജയപ്പെട്ട രാഷ്ട്രീയക്കാരന്‍ എന്ന ആരോപണത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു.
ഈ വര്‍ഷം പാര്‍ട്ടിയുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കുമെന്നും അടുത്ത വര്‍ഷം അത് സംസ്ഥാന നിയമസഭയില്‍ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു, അവരുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.