അമേഠി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ പോസ്റ്ററുകൾ. രാഹുൽ ഗാന്ധിയുടെ അമേഠി സന്ദർശനത്തിന് മുന്നോടിയായാണ് പോസ്റ്റർ യുദ്ധം. ഭീകരതയുടെ ചങ്ങാതി, രാഹുൽ ഗാന്ധി എന്നു കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് ഓഫിസിന് അരികിൽ ഉൾപ്പെടെ നഗരത്തിൽ നിരവധിയിടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്.
പോസ്റ്ററുകളെ ചൊല്ലി പലയിടങ്ങളിലും രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ കലഹവുമുണ്ടായി. ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റേഷൻ ബൈപാസ്, എച്ച്എഎൽ കാമ്പസ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. ആരാണ് ഇവയ്‌ക്കു പിന്നിലെന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധി ചൊവ്വാഴ്ച റായ്ബറേലിയിൽ എത്തിയിരുന്നു. ബുധനാഴ്ച അമേഠി സന്ദർശിക്കാനിരിക്കേയാണ് പുതിയ പ്രശ്നം ഉയർന്നിരിക്കുന്നത്.
റായ്ബറേലിയിൽ നിന്ന് അമേഠിയിലേക്ക് റോഡ് മാർഗമാണ് രാഹുൽ എത്തുക. ഇതിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അമേഠി കോൺഗ്രസ് പ്രസിഡന്‍റ് പ്രദീപ് സിംഗാൾ വ്യക്തമാക്കി.