• Thu. May 15th, 2025

24×7 Live News

Apdin News

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Byadmin

May 15, 2025


ന്യൂദൽഹി : പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടെങ്കിൽ അത് തീവ്രവാദത്തെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. ഇരു രാജ്യങ്ങൾക്കുമിടയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഉഭയകക്ഷി തലത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കൂവെന്നും ദൽഹിയിൽ ഹോണ്ടുറാസ് എംബസിയുടെ ഉദ്ഘാടന വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ ജയശങ്കർ പറഞ്ഞു.

നമ്മുടെ ബന്ധങ്ങളും ഇടപാടുകളും പൂർണ്ണമായും ദ്വിരാഷ്‌ട്രീയമായിരിക്കുമെന്ന് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഒരു മാറ്റവും വന്നിട്ടില്ല.  പാകിസ്ഥാനുമായുള്ള ചർച്ചകൾ തീവ്രവാദത്തെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.

പാകിസ്ഥാൻ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ അടച്ചുപൂട്ടണം. അവർക്ക് അറിയാം എന്ത് ചെയ്യണമെന്ന്. അവരുമായി ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഇവയാണ് സാധ്യമായ ചർച്ചകൾ. കശ്മീരിൽ ചർച്ച ചെയ്യേണ്ട ഒരേയൊരു വിഷയം പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിപ്പിക്കുക എന്നതാണ്, ആ ചർച്ചയ്‌ക്ക് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ പാകിസ്ഥാനുമായുള്ള സംഘർഷാവസ്ഥയിൽ ഞങ്ങൾക്ക് ധാരാളം അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം കൊണ്ടുവന്നിരുന്നു. മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ അവരെയും നിയമത്തിന് വിധേയമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതുവരെ അത് ഇത്തരത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



By admin