ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ചെനയുടെ പിന്തുണ. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്.
വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി ടിയാന്‍ജിനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മിസ്രിയുടെ പരാമര്‍ശം. ഇന്ത്യയേയും ചൈനയേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് അതിർത്തി കടന്നുള്ള തീവ്രവാദം. അതിനെ പ്രതിരോധിച്ചുള്ള പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കേണ്ടതും, മനസിലാക്കേണ്ടതും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളെ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. തീരുവയെച്ചൊല്ലി അമേരിക്കയുമായുള്ള ഇന്ത്യയുടെ സംഘർഷത്തിനിടയിൽ, വ്യാപാരം വർദ്ധിപ്പിക്കുന്നതിനും അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയെന്നുമാണ് വാർത്താസമ്മേളത്തിൽ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രതിനിധി തല ചർച്ചകളുടെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യ-ചൈന ബന്ധം വളരേണ്ടതിന്റെ അനിവാര്യത ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് ചൂണ്ടിക്കാട്ടിയിരുന്നു. ലോകം പരിവർത്തനത്തിലേക്ക് നീങ്ങുകയാണെന്നും ഏറ്റവും ജനസംഖ്യയുള്ള ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങേണ്ടത് അനിവാര്യമാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് മോദി- ഷി കൂടിക്കാഴ്ച. . ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്.