
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കണ്ണൂര്‍ മോഡല്‍ അക്രമരാഷ്‌ട്രീയവുമായി സിപിഎം രംഗത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫ്ളക്‌സുകളും നശിപ്പിക്കുക, പ്രവര്‍ത്തകരെ മാത്രമല്ല, ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നവരെ പോലും ഭീഷണിപ്പെടുത്തുക തുടങ്ങി ഗുണ്ടാ രാഷ്‌ട്രീയമാണ് സിപിഎം പയറ്റുന്നത്. അപവാദകഥകള്‍ പ്രചരിപ്പിക്കുന്നതിനും ഇടതുപക്ഷം തയ്യാറാകുന്നു. ഏതുവിധേനയും അക്രമസംഭവങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളതെന്നാണ് ആക്ഷേപം.
ആലപ്പുഴ നഗരത്തില്‍ പാലസ് വാര്‍ഡ്, ബീച്ച് വാര്‍ഡ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും, ഫഌക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിലും ഇതാണ് അവസ്ഥ. ചേര്‍ത്തല നഗരത്തിലും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷം സൃഷ്ടിച്ച് എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കിയും ഭരണസ്വാധീനം ഉപയോഗിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിമര്‍ശനം ഉയരുന്നു.
ആലപ്പുഴ തിരുമല വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് വാര്‍ഡിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞതിനാണ് ദമ്പതികളെ കൈകാര്യം ചെയ്യുമെന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയത്. പാതയോരത്ത് ചെറിയ കച്ചവടം നടത്തുന്ന ഇവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. സഖാക്കള്‍ ഭീഷണിക്ക് ശേഷം മടങ്ങിയതിന് ശേഷം നഗരസഭയിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ചിലര്‍ ഇവിടെയെത്തി വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുകയാണ് ഇടതുപക്ഷം.