കൊച്ചി: ഭൂട്ടാന്‍ വാഹനകള്ളക്കടത്ത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം വീക്ഷിക്കുന്നത്. ഏഴ് കേന്ദ്ര ഏജന്‍സികളാണ് വിവിധ തലങ്ങളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ ഇ ഡിയും ജിഎസ്ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. വിദേശബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍ഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐബിയും, ഡിആര്‍ഐയും ശേഖരിക്കും.
ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയമുണ്ട്. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഭാരതത്തില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ പ്രമുഖ സിനിമാനടന്‍മാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നടന്‍ ദുല്‍ഖറിന്റെ വാഹനം ബന്ധുവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.