കൊച്ചി: ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ ഇറക്കുമതി തീരുവ നല്‍കാതെ കടത്തിയെന്ന കേസില്‍ ‘ഓപ്പറേഷന്‍ നംഖോര്‍’യുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധന. നടന്‍മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടന്നു.
മമ്മൂട്ടിയുടെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വീടുകളിലും തിരുവനന്തപുരത്തെ വീടുകളിലും പരിശോധന നടന്നു. ദുല്‍ഖര്‍ 2010 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാങ്ങിയതായി കസ്റ്റംസ് കണ്ടെത്തി.
150ഓളം വാഹനങ്ങള്‍ ഭൂട്ടാനില്‍നിന്ന് കടത്തിയതായും, ഇതില്‍ 30-40 എണ്ണം കേരളത്തില്‍ വിറ്റതായും വിവരമുണ്ട്. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനങ്ങള്‍ 35-45 ലക്ഷം വരെ വിറ്റതായി കണ്ടെത്തി. ഇടനിലക്കാര്‍ വ്യാജരേഖകള്‍ നല്‍കി പലരെയും കബളിപ്പിച്ചെന്നാണ് സംശയം.
സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളിലും പരിശോധന തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി, 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.