മംഗളൂരുവില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കള്‍ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കര്‍ണാടക, കേരള സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനല്‍കിയിട്ടുണ്ടെന്നും അഷ്റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.
അഷ്റഫ് മാനസിക പ്രശ്നമുള്ള ആളാണെ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്റഫ് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കിയ മുന്‍കാല അനുഭവങ്ങള്‍ ഇല്ല. നിലവില്‍ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ല – ജബ്ബാര്‍ പറഞ്ഞു
ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ചാണ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ച് മലയാളിയെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് അഷ്റഫ്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.