മംഗളൂരുവില്‍ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഭാരതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് വിജയ്‌യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരു ജില്ലയില്‍ കടൂര്‍ താലൂക്കിലെ അലഘട്ട ഗ്രാമത്തിലാണ് സംഭവം.
മരിച്ച ഭാരതിയെ (28) ഒന്നര മാസം മുമ്പ് കാണാതായതായി ഭര്‍ത്താവും ഇവരുടെ പിതാവും മാതാവും കടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന് പുറമെ ഇവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മാതാപിതാക്കളുടെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വിജയും ഭാരതിയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴല്‍കിണറില്‍ മൃതദേഹം താഴ്ത്തുകയായിരുന്നു. അന്വേഷണത്തിനിടെ വിജയ്‌യുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് എത്തിയത്.