അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.
2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.
മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.