
ന്യൂദൽഹി: മകരസംക്രാന്തിയുടെ പുണ്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് മകരസംക്രാന്തിയെന്നും അത് ഐക്യം, ഐശ്വര്യം, ഒത്തൊരുമ എന്നിവയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.
എള്ളും ശർക്കരയും (തില-ഗുള) നൽകുന്ന മധുരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും വിജയവും നൽകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം രാജ്യത്തിന്റെ ക്ഷേമത്തിനായി സൂര്യദേവന്റെ അനുഗ്രഹമുണ്ടാകാൻ അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു. ഉത്സവത്തിന്റെ ആത്മീയ പ്രാധാന്യം എടുത്തുപറയുന്നതും സൂര്യദേവന്റെ അനുഗ്രഹം തേടുന്നതുമായ ഒരു സംസ്കൃത സുഭാഷിതവും പ്രധാനമന്ത്രി പങ്കുവെച്ചു.