• Tue. Aug 26th, 2025

24×7 Live News

Apdin News

മകളുടെ മരണാനന്തരച്ചടങ്ങിനെത്തിയ വാഹനം മറിഞ്ഞു; അമ്മ മരിച്ചു

Byadmin

Aug 26, 2025


കണ്ണൂര്‍ പാനൂരില്‍ മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലത്ത് കുണ്ടന്‍ചാലില്‍ ജാനു(85) ആണ് മരിച്ചത്. മുറ്റത്ത് തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ച പുഷ്പയുടെ മരണത്തിന്റെ 41-ാം ചരമദിനച്ചടങ്ങ് നടക്കാനിരിക്കവെയാണ് അപകടം നടന്നത്. സംഭവസമയത്ത് ബന്ധുക്കളടക്കം എല്ലാവരും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിന് സമീപത്തെ തിട്ടയില്‍ തട്ടിനിര്‍ത്തിയ ശേഷം സമീപത്തിരുന്ന സ്‌കൂട്ടര്‍ മാറ്റി വയ്ക്കാന്‍ പോയതായിരുന്നു ഡ്രൈവര്‍. ഈ സമയത്ത് മിനിലോറി 10 മീറ്റര്‍ മുന്നോട്ട് പോയി അലക്കുകല്ലിന് മുന്നിലേക്ക് മറിയുകയായിരുന്നു.
ലോറിക്കടിയില്‍പ്പെട്ട ജാനുവിനെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജാനുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുപറമ്പില്‍.

By admin