
നെടുമങ്ങാട് : കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇവരുടെ 2 മക്കൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. ഇപ്പോൾ ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്‌ക്കാണ് ഇവരുടെ താമസം. മക്കളായ ഷംന (16), റംസാന (7) എന്നിവർക്കാണ് പരുക്കേറ്റത്.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെ നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.