
തൊടുപുഴ:16 വയസുകാരനായ മകന്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന് അമ്മയെ ബാങ്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് സിപിഎം ഭരണസമിതി. ഇടുക്കിയിലെ കാരിക്കോട് സഹകരണ ബാങ്കിലാണ് സംഭവം. നിസ ഷിയാസ് എന്ന സ്വീപ്പറെയാണ് പിരിച്ചുവിട്ടത്. ജോലിയിൽ തൃപ്തിയില്ലാത്തതിനാലാണ് നടപടിയെന്ന് ഭരണസമിതി പറയുന്നു.
നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നടപടിയെന്ന് നിസ പറഞ്ഞു. ഭര്‍ത്താവ് നഷ്ടപ്പെട്ട നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ബാങ്കിലെ ജോലി. കഴിഞ്ഞ ആറ് വര്‍ഷമായി കാരിക്കോട് സഹകരണ ബാങ്കിലാണ് നിസ ജോലി ചെയ്യുന്നത്. മാസം 5000 രൂപയാണ് ശമ്പളം. താത്കാലിക ജീവനക്കാരിയായിരുന്നു.
തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ മത്സരിച്ച യു.ഡി.എഫിന്റെ വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടിയാണ് നിസയുടെ മകന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീന മേഖലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഷ്ണു വിജയിച്ചതോടെ സിപിഎമ്മിനുള്ളില്‍ അതൃപ്തി ഉണ്ടായി. ഇതിനുപിന്നാലെയാണ് സിപിഎം നടപടി എടുത്തത്.
ഡിസംബര്‍ മാസം 28ന്, 31 വരെ വന്നാല്‍ മതിയെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെ ഏരിയ സെക്രട്ടറിയെ കണ്ടു. ശേഷം ഒന്നാം തീയതി മുതല്‍ ജോലിയില്‍ പ്രവേശിച്ചോളൂ എന്ന് പറഞ്ഞു, പ്രസിഡന്റിനെ കാര്യം അറിയിച്ചു. എന്നാല്‍ ഒന്നിന് ജോലിക്കെത്തിയപ്പോള്‍ ഇനി വരേണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്, നിസ മാധ്യമങ്ങളോട് പ്രതികരിച്ചു.