• Fri. Mar 27th, 2026

24×7 Live News

Apdin News

മഞ്ചേശ്വരത്തെ മതസഖ്യം

Byadmin

Mar 27, 2026



ബിജെപിയുടെ പ്രമുഖ നേതാവായ കെ. സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുകയും, അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ജിഹാദി ശക്തികളുമായുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവിശുദ്ധ ബന്ധം പരസ്യമായിരിക്കുകയാണ്.

സിറ്റിങ് എംഎല്‍എ എ.കെ.എം.അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെതിരെ വെറും 745 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഷ്‌റഫ് ജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് പൂര്‍വാധികം ശക്തിയോടെ കെ. സുരേന്ദ്രന്‍ വീണ്ടും രംഗത്തിറങ്ങിയത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും കനത്ത ആശങ്കയിലാഴ്‌ത്തി യിരിക്കുകയാണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്നും, അത് ബിജെപിയുടെ ജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും കണ്ടാണ്എസ്ഡിപിഐയുമായി കോണ്‍ഗ്രസും യുഡിഎഫും ധാരണയിലെത്തിയത്. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 7000 ത്തിലേറെ വോട്ടുകള്‍ എസ്ഡിപിഐ നേടിയിരുന്നു.

മഞ്ചേശ്വരത്ത് സഖ്യകക്ഷിയായ മുസ്ലിം ലീഗിനു പുറമെ മതമൗലിക വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പമാണ്. ഇതിനു പുറമെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ഒപ്പം നിന്ന പിഡിപി മറുകണ്ടം ചാടി യുഡിഎഫിന് ഐക്യം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ജയിക്കാതിരിക്കാനാണ് ഇതെന്ന് പിഡിപി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ബിജെപിക്കെതിരെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ജയിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്. വര്‍ഗീയ ശക്തികളുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത് പച്ചക്കള്ള മാണെന്ന് മഞ്ചേശ്വരത്ത് എസ്ഡിപിഐയും പിഡിപിയും തമ്മില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ള സഖ്യം തെളിയിക്കുന്നു. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനാധിപത്യ വിശ്വാസികളായ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്.

വര്‍ഗീയശക്തികളുമായി സഖ്യം ഉണ്ടാകില്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും, മതമൗലികവാദികളും മതഭീകരവാദികളും അതില്‍ ഉള്‍പ്പെടില്ലെന്നും ഇനി സതീശന്‍ വാദിക്കുമായിരിക്കും. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യുഎപിഎ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളാണ് എസ്ഡിപിഐയില്‍ പ്രവര്‍ത്തിക്കുന്നത്. പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും ഉള്ളത്. മഞ്ചേശ്വരത്ത് ഈ സംഘടനയുമായി സഖ്യമുണ്ടാക്കിയതു വഴി ദേശീയ താല്പര്യത്തെയും മതേതരത്വത്തെയും കോണ്‍ഗ്രസ് ബലി കൊടുത്തിരിക്കുകയാണ്. അപകടകരമായ ഈ സഖ്യത്തെക്കുറിച്ച് എ.കെ.ആന്റണിയെപ്പോലുള്ളവര്‍ക്ക് എന്താണ് പറയാനുള്ളത്? കെ.സുധാകരന്റെ പ്രശ്‌നത്തില്‍ വീറോടെ ഇടപെട്ടയാളാണല്ലോ ആന്റണി.

എന്ത് അവിശുദ്ധ സഖ്യമുണ്ടാക്കിയാലും ഇക്കുറി മഞ്ചേശ്വരത്തെ ജനങ്ങള്‍ ബിജെപിക്കും എന്‍ഡിഎക്കും അനുകൂലമായി വിധിയെഴുതും. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ. സുരേന്ദ്രനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2016 ല്‍ വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് സുരേന്ദ്രന് വിജയിക്കാന്‍ കഴിയാതെ പോയത്. 2021ലും 700 ലേറെ വോട്ടുകള്‍ക്കാണ് ബിജെപി ക്ക് വിജയം നഷ്ടമായത്. മഞ്ചേശ്വരത്തെ ജനതയെ സങ്കുചിത താല്പര്യങ്ങളില്‍ തളച്ചിടുന്ന പാര്‍ട്ടികളുടെ തനിനിറം തിരിച്ചറിയപ്പെട്ടിരിക്കുന്നു. സമൂഹത്തില്‍ അനാവശ്യ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുകയല്ല, വികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയും, മുന്നേറുകയുമാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ-വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ മഞ്ചേശ്വരത്തിന് ലഭിക്കാന്‍ കെ. സുരേന്ദ്രന്‍ വിജയിക്കേണ്ടതുണ്ട്.

By admin