
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ന്യായീകരിച്ചും അതിജീവിതയെ സംശയമുനയിൽ നിർത്തിയുമുളള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദത്തിലായിരിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. ദിലീപിനെ കോടതി വെറുതെ വിട്ടതിന് ശേഷം നിരവധി പോസ്റ്റുകളാണ് ദിലീപിനെ അനുകൂലിച്ച് സ്വന്തം പേജിൽ അഖിൽ മാരാർ പങ്കുവെച്ചിട്ടുളളത്.
അതിജീവിത മെഡിക്കൽ എക്സാമിനേഷന് തയ്യാറായിട്ടില്ലെന്നത് അടക്കമുളള പരാമർശങ്ങൾ വലിയ വിമർശനം ഏറ്റുവാങ്ങുമ്പോൾ വീണ്ടും ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഖിൽ മാരാർ. പുതിയ പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടിയായി ദിലീപ്- മഞ്ജു വാര്യർ വിവാഹ മോചനത്തെ കുറിച്ചും അഖിൽ മാരാർ പ്രതികരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഉള്ളടക്കം സിനിമയിൽ ഒരു രംഗമുണ്ട് താൻ ഒരു കുതിരയെ വിഴുങ്ങി എന്ന് പറഞ്ഞൂ വരുന്ന ജഗതി ചേട്ടനെ പരിശോധന നടത്തി ഓപ്പറേഷൻ ചെയ്തു ആ കുതിരയെ പുറത്തെടുത്തു എന്ന് ഡോക്ടർ ആയ ലാലേട്ടൻ പറയുന്നു എന്നിട്ട് പുറത്ത് നിൽക്കുന്ന ഒരു കുതിരയെ ചൂണ്ടി കാണിക്കുന്നു.. ഒരു നിമിഷം ആശ്വാസം കൊണ്ട ശേഷം എന്തോ ഓർത്ത പോലെ ജഗതി അലറി നിലവിളിച്ചു കൊണ്ട് അയ്യോ അത് കറുത്ത കുതിരയല്ലേ ഞാൻ വിഴുങ്ങിയത് വെള്ള കുതിരയെ ആണേ..
അയ്യോ എന്നലറി ഡോക്ടറെ തട്ടി മാറ്റി പിടിക്കാൻ ശ്രമിച്ചവരെ കടിച്ചു പറിച്ച ശേഷം പുറത്തേക്ക് അലറി കൊണ്ട് ഓടുന്ന അയാളെ നോക്കി നിസ്സഹായനായി നിൽക്കുന്ന ലാലേട്ടന്റെ അവസ്ഥയാണ് ഏതാണ്ട് ദിലീപ് പ്രതിയായ കോടതി വിധി വന്ന ശേഷം എനിക്ക്.യാഥാർഥ്യം തിരിച്ചറിയാതെ സ്വന്തം തോന്നലുകൾ സത്യം എന്ന് കരുതി ജീവിക്കുന്ന മനുഷ്യർ… എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത്.. കുട്ടിക്കാലം മുതൽ സത്യം പറഞ്ഞൂ പഠിപ്പിക്കാതെ വൈകാരികമായി ഒരുവനെ തളച്ചു ശീലിച്ചു ജനതയാണ് നമ്മൾ.
കുട്ടി ഒരു തെറ്റ് ചെയ്താൽ അത് നിർത്താൻ വേണ്ടി അയ്യോ അങ്ങനെ ചെയ്യല്ലേ അങ്ങനെ ചെയ്താൽ കുഞ്ഞിന്റെ അമ്മ മരിച്ചു പോകും എന്നൊരു കാച്ചു കാച്ചും.. അമ്മയോട് സ്നേഹമുള്ള കുഞ്ഞു അത് ചെയ്യില്ല.. ഏതാണ്ട് സമാനമാണ് എന്തെങ്കിലും കണ്ട് ഭയപ്പെട്ടാൽ ചരട് ജപിച്ചു കെട്ടും.. കെട്ടികൊടുക്കുമ്പോൾ അമ്മ പറയും മോൻ പേടിക്കണ്ട ഇനി ആരും പേടിപ്പിക്കില്ല.. ചരട് ഭയത്തെ ഒഴിവാക്കില്ല പക്ഷെ അമ്മ നൽകുന്ന ധൈര്യം അവനെ ഭയത്തിൽ നിന്നും രക്ഷിക്കും.
ഇതേ തന്ത്രമാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത് ചിന്തിക്കാൻ ബോധമില്ലാത്ത ഒരു ജനതയെ വികാരം ഇളക്കി വിട്ട് ഭ്രാന്തരാക്കും.. മാധ്യമങ്ങൾ മാത്രമല്ല.. മത സംഘടനകളും. രാഷ്‌ട്രീയ സംഘടനകളും എല്ലാം നിലനിൽപ്പിനു വേണ്ടി ഇത് ചെയ്യും.. മരണ വീട്ടിൽ മാധ്യമങ്ങൾ കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ.. അർജുന്റെ മരണം ഏതൊക്കെ രീതിയിൽ വികാരം ഇളക്കി വിറ്റ് കാശാക്കി മാറ്റിയത് നിങ്ങൾക്ക് ഓർമയുണ്ടല്ലോ..
പാവപെട്ടവരുടെ ദയനീയത മാർക്കറ്റ് ചെയ്തു നന്മ മരം കളിക്കുന്ന ബിസിനസുകാരൻ യഥാർത്ഥത്തിൽ അവന് നികുതി കൊടുക്കേണ്ട തുക ചാരിറ്റി ഇനത്തിൽ നേരിട്ട് ചെയ്ത് സ്വയം മാർക്കറ്റ് ചെയ്യുകയാണ്.. ചിന്തിക്കാൻ ബോധമില്ലാത്തവർ നൽകുന്ന കൈയടിയാണ് ഇവരുടെ നിലനിൽപ്.. ഇവരോടൊക്കെ എനിക്ക് പറയാൻ ഉള്ളത് ഭഗവാൻ ഗീതയിൽ പറഞ്ഞ വാക്യം മാത്രം.. ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ് ഗുഹ്യതമം മയാ । വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുറു ॥
നിന്റെ ഹൃദയം, ബുദ്ധി, ധർമ്മബോധം എല്ലാം ഒത്തുചേർന്നപ്പോൾ ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുക “എന്റെ വാക്ക് കേട്ടതുകൊണ്ട് മാത്രം ചെയ്യേണ്ട” – ബോധോദയത്തിലൂടെ തീരുംവിധം തീരുമാനമെടുക്കുക. മറ്റുള്ളവരുടെ കൈയിലെ പാവകൾ ആവാതെ തലച്ചോർ ഉപയോഗിക്കു.. ചിന്തിച്ചു ശെരികളെ കണ്ടെത്തു.. സത്യത്തെ കുറിച്ചുള്ള അന്വേഷണം ആണ് ശാസ്ത്രം.. ഞാൻ എന്റെ ചിന്തകൾ പങ്ക് വെയ്‌ക്കുന്നു.. നിങ്ങൾക്ക് നിങ്ങളുടെ ബോധ്യം.
ദിലീപ് നല്ലവൻ ആണേൽ മഞ്ജു പുള്ളിയെ ഉപേക്ഷിക്കോ അപ്പൊ തന്നെ ചിന്തിച്ചാ പോരെ എന്നാണ് ഈ പോസ്റ്റിന് ലഭിച്ച കമന്റുകളിലൊന്ന്. അതിന് അഖിൽ മാരാർ നൽകിയ മറുപടി ഇങ്ങനെ: ” അവിടെയും യാഥാർഥ്യം അതല്ല.. മഞ്ജുവിനെ ഉപേക്ഷിക്കാൻ ദിലീപ് ഡിവോഴ്സ് ചെയ്തത് എന്തിനാണ് എന്ന് സമൂഹത്തിനറിയില്ല അവരുടെ മകൾക്കും ദിലീപിന് വേണ്ടപ്പെട്ടവർക്കും അറിയാം..
ഭർത്താവ് നല്ലവൻ ആയാലും അല്ലെങ്കിലും ഭാര്യ ഉപേക്ഷിക്കുന്നതിനു കാരണം പലതാകും. പക്ഷെ അമ്മയെ മകൾ വേണ്ടെന്ന് വെയ്‌ക്കണം എങ്കിൽ ശക്തമായ എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് ചിന്തിക്കാൻ നിനക്കൊന്നും ബോധമില്ല”.മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്യാനുള്ള കാരണം ദിലീപ് തെളിവ് സഹിതം മകൾ മീനാക്ഷിയെ ബോധ്യപ്പെടുത്തി എന്നും അഖിൽ മാരാർ പറയുന്നു