• Fri. Jan 9th, 2026

24×7 Live News

Apdin News

മഡുറോയല്ല, അമേരിക്കയുടെ ലക്ഷ്യം ചൈന

Byadmin

Jan 6, 2026



മേരിക്കയിലെ ട്രംപ് ഭരണകൂടം പിടികൂടിയത് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയാണെങ്കിലും അമേരിക്ക ലക്ഷ്യമിടുന്നത് ചൈനയെയാണ്. അമേരിക്ക- ചൈന ശീതയുദ്ധപ്പോരിന്റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് വെനിസ്വേലയില്‍ ഇപ്പോള്‍ സംഭവിച്ചത്.

അടുത്ത കാലത്തായി രണ്ട് തരത്തിലുള്ള ഭീക്ഷണികളാണ് ചൈന അമേരിക്കയ്‌ക്ക് നേരെ ഉയര്‍ത്തിയത്. തായ്‌വാന്‍ പിടിച്ചെടുക്കാന്‍ നാളുകളായി ചൈന ശ്രമിക്കുന്നതാണ് ഒന്നാമത്തെ ഭീക്ഷണി. കഴിഞ്ഞ ദിവസങ്ങളില്‍ ജപ്പാനുമായി തായ്‌വാന്‍ വിഷയത്തില്‍ ചൈന കൊമ്പു കോര്‍ക്കുകയും തായ്‌വാന് ചുറ്റും വലിയ സൈനിക അഭ്യാസം നടത്തുകയും അമേരിക്കയുടെയും തായ്‌വാന്റെയും പുതിയ ആയുധ കച്ചവടത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബെയ്ജിങ്ങിന്റെ അവകാശവാദ പ്രകാരം തായ്വാന്‍ ചൈനയുടേതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ‘ഓപ്പറേഷന്‍ ഒസോവിയാഖിമി’ ലൂടെ ജര്‍മ്മനിയിലെ ശാസ്ത്രജ്ഞരെയും, എന്‍ജിനീയര്‍മാരെയും കുടുംബാംഗങ്ങളേയും കമ്യൂണിസ്റ്റ് റഷ്യ തട്ടികൊണ്ടുപോയിരുന്നു. അക്കാലത്ത് കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായിരുന്നു ജര്‍മനി. ശാസ്ത്ര അറിവുകളും പുസ്തകങ്ങളും വലിയ കണ്ടുപിടുത്തങ്ങളുടെ രേഖകളുള്‍പ്പടെയുള്ളതെല്ലാം റഷ്യ മോഷ്ടിച്ചു. ‘ഓപ്പറേഷന്‍ പേപ്പര്‍ക്ലിപ്പി’ലൂടെ അമേരിക്കയും സമാന മോഷണം നടത്തിയെങ്കിലും ഏറെ താമസിച്ചു പോയിരുന്നു. ശീത യുദ്ധക്കാലത്തെ കമ്യൂണിസ്റ്റ് റഷ്യയുടെ വളര്‍ച്ചയുടെ അടിസ്ഥാനം ഈ മോഷണ അറിവുകളായിരുന്നു. സമാന സാഹചര്യമാണ് തായ്‌വാന്‍ പ്രതിസന്ധിയും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ എഐ, സ്മാര്‍ട്ട്ഫോണുകള്‍ക്കാവശ്യമായ രണ്ട് നാനോ മീറ്റര്‍ ചിപ്പുകള്‍ പോലുള്ള ലോകത്തിലെ ഏറ്റവും നൂതനമായ എല്ലാ സെമികണ്ടക്ടറുകളും ഉത്പാദിപ്പിക്കുന്നത് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി (ടിഎസ്എംസി) യാണ്. മാത്രമല്ല ലോകത്തെ 50 ശതമാനം ചിപ്പുകളും നിര്‍മിക്കുന്നത് തായ്വാനിലാണ്. ചൈന തായ്‌വാനെ ആക്രമിച്ച് ചിപ്പ് സാങ്കേതികവിദ്യയും ശാസ്ത്രജ്ഞരെയും കൈക്കലാക്കുമോയെന്ന് അമേരിക്ക ഭയക്കുന്നു. ചിപ്പ് സാങ്കേതിക വിദ്യ ചൈന കൈക്കലാക്കി വന്‍കിട ഉത്പാദനം നടത്തിയാല്‍ അമേരിക്കയ്‌ക്ക് ലോകത്തുള്ള ആധിപത്യം നഷ്ടമാവും. അത് അമേരിക്ക ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ തായ്വാനില്‍നിന്ന് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും പതിയെ ചിപ്പ് കമ്പനികള്‍ മാറ്റി സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ശേഷം തായ്‌വാന് ഉക്രൈന്റെ സ്ഥിതി വന്നാലും അത്ഭുതപ്പെടാനില്ല.

അമേരിക്ക-ചൈന അപൂര്‍വ്വ ധാതുപ്പോര്

അമേരിക്കയ്‌ക്ക് അപൂര്‍വ്വ ധാതുക്കള്‍ (Rare Earth Minerals) നല്‍കാതെ ചൈന ഭീക്ഷണിപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. ലോകത്തെ 60-70 ശതമാനം അപൂര്‍വ ധാതുക്കള്‍ ഉല്‍പാദിപ്പിക്കുന്നത് ചൈനയിലാണ്. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന 90 ശതമാനം അപൂര്‍വ ധാതുക്കള്‍ സംസ്‌കരിക്കുന്നതും ചൈനയിലാണ്. ആഗോള ഉത്പാദനത്തില്‍ പത്ത് ശതമാനം മാത്രമാണ് അമേരിക്കയുടെ പങ്ക്. കാറ്റാടി യന്ത്രങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കുമാവശ്യമായ കാന്തങ്ങള്‍ നിര്‍മിക്കുവാനും, എല്‍ഇഡി സ്‌ക്രീനുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലേസറുകള്‍, മെഡിക്കല്‍ ഇമേജിംഗ് (എംആര്‍ഐകള്‍), പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്ക് അത്യന്താപേക്ഷിതമാണ് അപൂര്‍വ്വ ധാതുക്കള്‍. ഈ ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ കമ്പനികള്‍. അതുകൊണ്ടുതന്നെ അപൂര്‍വ ധാതുക്കളുടെ ഇറക്കുമതിയ്‌ക്ക് അമേരിക്ക ചൈനയെ വന്‍തോതില്‍ ആശ്രയിക്കുന്നു. ആവശ്യമായതിന്റെ എഴുപത് ശതമാനവും ചൈനയില്‍ നിന്നാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. ഇതാണ് ഇറക്കുമതിച്ചുങ്കം ചുമത്തിയതിനെ തുടര്‍ന്ന് ചൈന ഒരിടയ്‌ക്ക് ധാതുക്കള്‍ നല്‍കാതിരുന്നത്. ട്രംപും ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കു മേലുള്ള ഒരു വാളായി എന്നും ആ ഭീഷണി നിലനില്‍ക്കുന്നു.

ഈ രണ്ട് ഭീക്ഷണികളെയും മറികടക്കാനുള്ള കഠിന ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതിനായി ചൈനയെ തളയ്‌ക്കുകയാണ് ഒരു തന്ത്രം. ലോകത്തെ മറ്റ് സ്ഥലങ്ങളില്‍നിന്ന് അപൂര്‍വ്വധാതുക്കള്‍ ശേഖരിക്കുകയാണ് മറ്റൊന്ന്. അവിടെയാണ് വെനിസ്വേലയിലെ അട്ടിമറി പ്രസക്തമാവുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് വെനിസ്വേല. അമേരിക്കന്‍ ഉപരോധമുണ്ടായിട്ടും നിലവില്‍ വെനിസ്വേലയുടെ 75-80 ശതമാനം എണ്ണയും വാങ്ങുന്നത് ചൈനയാണ്. ദിവസം ആറ് ലക്ഷം ബാരലല്‍. ചൈനയുടെ ആകെ എണ്ണ ഇറക്കുമതിയുടെ ഏഴ് ശതമാനം വരുമിത്. കൂടാതെ ഏകദേശം 303 ബില്യണ്‍ ബാരലല്‍ എണ്ണ നിക്ഷേപവുമുള്ള വെനിസ്വേലയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. വെനിസ്വേലയിലെ എണ്ണ ഉത്പാദന മേഖലയില്‍ ഏകദേശം 60 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപവും ചൈന നടത്തിയിട്ടുണ്ട്. ഇനി അമേരിക്കന്‍ പിന്തുണയുള്ള പാവ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ വെനിസ്വേലന്‍ എണ്ണയെ അമേരിക്കയ്‌ക്ക് നിയന്ത്രിക്കാനാവും. അതുകൊണ്ട് തന്നെ തായ്‌വാനില്‍ ചൈന അധിനിവേശം നടത്തിയാലോ അപൂര്‍വ്വ ധാതുക്കള്‍ നല്‍കുന്നത് തടസപ്പെടുത്തിയാലോ അമേരിക്ക ചൈനയുടെ എണ്ണ ഇറക്കുമതിയിലും തടസം സൃഷ്ടിക്കും. മാത്രമല്ല, പുതിയ വെനിസ്വേലന്‍ സര്‍ക്കാരിനെകൊണ്ട് ചൈനീസ് ഓയില്‍ കമ്പനികളെ നിരോധിക്കുവാനും സാധ്യതയേറെയാണ്.

അട്ടിമറികള്‍ വെനിസ്വേലയ്‌ക്കുമപ്പുറം

അമേരിക്കന്‍ അട്ടിമറി വെനിസ്വേലകൊണ്ട് അവസാനിക്കുന്നില്ല. ഇതിന്റെ ഒപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് ഇറാനില്‍ അരങ്ങേറുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനും അമേരിക്ക ശ്രമിക്കുന്നതും സമാന ലക്ഷ്യവുമായാണ്. അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാന്റെ 85-90 ശതമാനം എണ്ണയും വാങ്ങുന്നത് ചൈനയാണ്. ചൈനയുടെ ആകെ ഇറക്കുമതിയുടെ 15-23 ശതമാനം വരുമിത്. നിലവില്‍ അമേരിക്കന്‍ പിന്തുണയോടെയാണ് ഇറാനില്‍ പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയാല്‍ സൈനികമായി ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വെനിസ്വേലയുടെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഇറാനിലെ മത ഭരണകൂടവും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നതാണ് അമേരിക്കയുടെ പിടിവള്ളി. ഉടന്‍ തന്നെ ഇറാനിലും ഒരു ഭരണമാറ്റം ഉണ്ടായേക്കാം. കൂടാതെ ഇറാഖിലും അമേരിക്കയും യൂറോപ്പും കണ്ണ് വയ്‌ക്കുന്നുണ്ട്. ചൈനയുടെ 12-13 ശതമാനം എണ്ണ ഇറക്കുമതി ഇറാഖില്‍ നിന്നാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിനാല്‍ യൂറോപ്പിന്റെ കണ്ണും ഇപ്പോള്‍ പശ്ചിമേഷ്യയിലാണ്. പാകിസ്ഥാനെയും നിലവില്‍ അമേരിക്ക ചൈനയില്‍നിന്ന് അടര്‍ത്തി മാറ്റി. ജമ്മു -കശ്മീരിലൂടെയുള്ള ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍നിന്ന് പാകിസ്ഥാന്‍ പിന്മാറി. പശ്ചിമേഷ്യന്‍ ഇന്ധനം പാകിസ്ഥാനിലൂടെ കൊണ്ടുപോകാനുള്ള ചൈനയുടെ പദ്ധതിയാണ് അമേരിക്ക ഇതിലൂടെ അവതാളത്തിലാക്കിയത്. ചൈനയുടെ ആകെ ഇറക്കുമതിയുടെ 14-21 ശതമാനം നല്‍കുന്ന മറ്റൊരു രാജ്യം സൗദി അറേബ്യയാണ്. എ35 ഉള്‍പ്പടെയുള്ള യുദ്ധ വിമാനങ്ങള്‍ വാഗ്ദാനം നല്‍കികൊണ്ട് ട്രംപ് സൗദിയോട് ആവശ്യപ്പെട്ടതും ചൈനയ്‌ക്കുള്ള എണ്ണ നിയന്ത്രണമായിരിക്കാം. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയായ ആരാംകോ അമേരിക്കയുടെയും സൗദിയുടെയും സംയുക്ത സംരംഭമാണ്. ബംഗ്ലാദേശിലും, നേപ്പാളിലും, ശ്രീലങ്കയിലും ഇങ്ങനെ ചൈനയ്‌ക്ക് ചുറ്റുമുള്ള ചൈനീസ് അനുകൂല സര്‍ക്കാരുകളെ ആട്ടിമറിക്കുകയും ചെയ്തു. ചുരുക്കത്തില്‍ തായ്‌വാനെ ചൈന ആക്രമിച്ചാലോ അപൂര്‍വ്വ ധാതുക്കള്‍ നല്‍കുന്നത് നിര്‍ത്തിയാലോ ചൈനയുടെ എണ്ണ ഇറക്കുമതിയുടെ നല്ലൊരു ശതമാനം നിയന്ത്രിക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കും.

കൂടാതെ അപൂര്‍വ്വ ധാതുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും അമേരിക്ക ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലേക്കും കണ്ണെറിയുകയാണ് അമേരിക്ക. ക്രൈസ്തവരെ ആക്രമിക്കുന്നതിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഇസ്ലാമിക ഭീകരവാദ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സേന കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയതാണ് ഒരു സംഭവം. എണ്ണയും അപൂര്‍വ്വധാതുക്കളും നല്‍കാന്‍ വഴങ്ങാത്ത നൈജീരിയന്‍ സര്‍ക്കാരിനെ ഭയപ്പെടുത്താനായിരുന്നു ആക്രമണം. ഒരു ലക്ഷത്തിലധികം ടണ്‍ അപൂര്‍വ്വ ധാതു നിക്ഷേപമാണ് നൈജീരിയയിലുള്ളത്. കൂടാതെ ലോകത്തെ 2.5 ശതമാനം എണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്ന നൈജീരിയ പ്രധാന എണ്ണ ഉത്പാദന രാജ്യവുമാണ്. ഡെന്മാര്‍ക്കിന്റെ കൈവശമുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനും അമേരിക്ക സൈനിക നീക്കം നടത്തുന്നുണ്ട്. ഏകദേശം പതിനഞ്ച് ലക്ഷം ടണ്‍ അപൂര്‍വ്വ ധാതു നിക്ഷേപമാണ് ഗ്രീന്‍ ലാന്‍ഡില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ആഗോള അപൂര്‍വ്വ ധാതു നിക്ഷേപത്തിന്റെ പത്ത് മുതല്‍ ഇരുപത് ശതമാനം വരുമെന്ന് കരുതുന്നു. മെക്‌സിക്കോ അടക്കമുള്ള പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും അമേരിക്ക നോട്ടമിട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ശീതയുദ്ധ കാലത്തെ അട്ടിമറികള്‍ക്ക് സമാനമായ, ഇപ്പോള്‍ വെനിസ്വേലയില്‍ അരങ്ങേറിയ പല സംഭവങ്ങളും ഇനിയും പ്രതീക്ഷിക്കാം.

By admin