മുസ്ലിംലീഗിന്റെ മതവിദ്വേഷം നിറഞ്ഞതും വര്‍ഗീയവുമായ മുഖം വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ തമസ്‌കരിക്കുന്ന സംഭവമാണ് അവിഭക്ത ബംഗാളില്‍ നടന്ന ഡയറക്ട് ആക്ഷന്‍. ബ്രിട്ടീഷ് ഇന്ത്യയില്‍ എച്ച്.എസ്. സുഹ്രവര്‍ദി എന്ന മതഭ്രാന്തന്റെ നേതൃത്വത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മുസ്ലിം ലീഗ് സര്‍ക്കാരിന്റെ സഹായത്തോടെ 1946 ആഗസ്തില്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ പൈശാചികമായ ആക്രമണങ്ങളില്‍ നാലായിരത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാവുകയും പലായനം ചെയ്യുകയുമുണ്ടായി. പാകിസ്ഥാന്‍ രൂപീകരിക്കുന്നതിനുവേണ്ടി നടന്ന പച്ചയായ ഈ ഹിന്ദു കൂട്ടക്കൊലയുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് പിന്നീടും പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വഖഫ് നിയമനിര്‍മാണത്തിന്റെ പേരില്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം കലാപം ഇതിലൊന്നാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ വഖഫ് നിയമഭേഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇതു സംബന്ധിച്ച വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. രാജ്യത്തിന് മുഴുവന്‍ ബാധകമാകുന്ന ഈ നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂര്‍ഷിദാബാദില്‍ ഇസ്ലാമിക മതമൗലികവാദികള്‍ കലാപം അഴിച്ചുവിട്ടത്. കലാപത്തിനുള്ള ആഹ്വാനമാണ് ഒരര്‍ത്ഥത്തില്‍ മമത നല്‍കിയത്. ഇപ്പോഴും ശമിച്ചിട്ടില്ലാത്ത അക്രമങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കലാപം ആസൂത്രിതമാണെന്ന് ബംഗാള്‍ പോലീസ്തന്നെ വ്യക്തമാക്കി. ഗവര്‍ണറുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും, ക്രമസമാധാന പാലനത്തിന് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.
മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴില്‍ അക്രമങ്ങളും കൊള്ളയും കൊലയും ബംഗാളില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും നിയമവാഴ്ച നിലനില്‍ക്കുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രവിശ്യാ ഭരണകൂടത്തിലെ പ്രധാനമന്ത്രിയായിരുന്ന സുഹ്രവര്‍ദി, മുസ്ലിം വര്‍ഗീയതയുടെ പ്രതിരൂപമായിരുന്നു. സാരിയുടുത്ത സുഹ്രവര്‍ദിയെ പോലെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പെരുമാറുന്നത്. അത്രയ്‌ക്ക് ശക്തമാണ് അവരുടെ ഹിന്ദുവിരോധം. മുസ്ലിം വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഒരവസരവും മമത പാഴാക്കാറില്ല. അധികാരം നഷ്ടമാകുമെന്ന ആശങ്കയില്‍ മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് ഈ ഭരണാധികാരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും മമത പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി മുസ്ലിം വര്‍ഗീയത ആളിക്കത്തിക്കുകയുണ്ടായി. ഇതുതന്നെയാണ് വഖഫ് നിയമ ഭേദഗതിയുടെ കാര്യത്തിലും അവര്‍ ചെയ്യുന്നത്. ഇതിന്റെ അനന്തരഫലമാണ് മൂര്‍ഷിദാബാദില്‍ അരങ്ങേറിയ മുസ്ലിം കലാപം.
മണിപ്പൂരില്‍ നടന്ന വംശീയ കലാപത്തെക്കുറിച്ച് മാസങ്ങളും വര്‍ഷങ്ങളുമായി നിറംപിടിപ്പിച്ച കഥകള്‍ മെനയുന്ന മാധ്യമങ്ങള്‍ ബംഗാളിലെ കലാപത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇങ്ങനെയൊരു അക്രമം അവിടെ അരങ്ങേറുന്നുണ്ടെന്ന ഭാവംപോലും പല മലയാള മാധ്യമങ്ങള്‍ക്കുമില്ല. വര്‍ഗീയ കലാപം നടത്താനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന മട്ടിലാണ് പല മുസ്ലീം നേതാക്കളും പെരുമാറുന്നത്. ഇതേ സമീപനമാണ് ചില മാധ്യമങ്ങള്‍ക്കും. വര്‍ഗീയ പ്രീണനം നടത്താതെ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതകള്‍ മറച്ചുപിടിച്ച് കുപ്രചാരണം നടത്തുന്നതില്‍ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളും കൈകോര്‍ക്കുകയാണ്.
ദല്‍ഹിയില്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ക്രൈസ്തവര്‍ക്കെതിരായ വലിയ നീക്കമായി കോണ്‍ഗ്രസും സിപിഎമ്മും മറ്റും പ്രചരിപ്പിക്കുന്നതും മതവിഭാഗീയത സൃഷ്ടിച്ചുള്ള രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. ഓശാന പ്രദക്ഷിണത്തിനു മാത്രമല്ല, ഹനുമദ് ജയന്തി ആഘോഷത്തിനും ദല്‍ഹിയില്‍ അനുമതി നിഷേധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഭാരതത്തില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ഭീഷണിയുള്ളത്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഇത് മറച്ചുപിടിച്ച് മതവികാരം കുത്തിപ്പൊക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണ്. ഇത്തരം ശ്രമങ്ങളെ തള്ളിപ്പറയേണ്ട ഉത്തരവാദിത്തം ക്രൈസ്തവ സഭകള്‍ക്കുണ്ട്.