• Mon. Nov 10th, 2025

24×7 Live News

Apdin News

മണ്ഡലകാലത്തിന് ഇനി ഒരാഴ്ച മാത്രം; നാട്ടിലും കാട്ടിലും മുന്നൊരുക്കമില്ല, പമ്പ മലീമസം, ശുചിമുറി സൗകര്യങ്ങള്‍ ഒട്ടുമില്ല

Byadmin

Nov 10, 2025



പത്തനംതിട്ട: മണ്ഡലകാലത്തിന് ഒരാഴ്ച മാത്രം ശേഷിക്കേ എങ്ങുമെത്താതെ മുന്നൊരുക്കങ്ങള്‍. പമ്പാ അയ്യപ്പ സമ്മേളനത്തിന് ശേഷം കത്തിപ്പടര്‍ന്ന സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അടിമുടി ആടിയുലഞ്ഞതാണ് മുന്നൊരുക്കങ്ങള്‍ സ്തംഭിക്കാന്‍ പ്രധാന കാരണം. എന്നാല്‍ നിലവിലെ ബോര്‍ഡ് തുടര്‍ന്നേക്കും എന്ന ധാരണയോടെ ഏതാനും ദിവസം മുമ്പ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഒരുക്കങ്ങള്‍ വേഗതത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ ബോര്‍ഡിനെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതോടെ ഭരണ തുടര്‍ച്ച ഉണ്ടാവില്ലെന്ന് നിലവിലെ ബോര്‍ഡ് ഭരണസമിതിക്കു ബോധ്യമായി. ഇതോടെ തുടക്കമിട്ട കാര്യങ്ങളും നിലച്ചു. മുന്നൊരുക്കങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെച്ച് പുതിയ പ്രസിഡന്റിനെ പ്രതിരോധത്തിലാക്കി പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ് പ്രശാന്തും സംഘവും.

വകുപ്പുകളുടെ ഏകീകരണം

വിവിധ വകുപ്പുകള്‍ ഏകീകരിച്ച് തീര്‍ത്ഥാടന കാലം വിജയിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ട അവലോകന യോഗങ്ങളും വേണ്ടവിധം നടന്നിട്ടില്ല. പ്രധാനമായും കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, പോലീസ്, കെഎസ്ഇബി, വനം വകുപ്പ്, പിഡബ്ലിയുഡി, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ദേവസ്വം മന്ത്രി പോലും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതയായ ടി.കെ. റോഡിന്റെ അറ്റകുറ്റപണികള്‍ പാതിവഴി നിലച്ച അവസ്ഥയിലാണ്. തിരക്കേറുന്ന റോഡില്‍ കലുങ്കുനിര്‍മ്മാണം മാത്രമാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഇതു മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. തിരുവല്ല മുതല്‍ കോഴഞ്ചേരി വരെയുള്ള 17 കിലോമീറ്റര്‍ പാത പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.

പമ്പ മലീമസം
ടോയിലറ്റ് ബ്ലോക്കുകള്‍ ശുചിയാക്കിയിട്ടില്ല. ഭക്തര്‍ ആചാരത്തിന്റെ ഭാഗമായി തുണികള്‍ പമ്പാ നദിയില്‍ ഉപേക്ഷിക്കുന്നതിനാല്‍ ജലം മലീമസമാണ്. വിരിപന്തലുകള്‍ വൃത്തിയാക്കിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടില്ല.

നിലയ്‌ക്കലില്‍ അപാകമേറെ
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ വിരിവയ്‌ക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. നാലുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിരിപന്തലിന്റെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പാര്‍ക്കിങ് മേഖലയിലെ കാട് പൂര്‍ണമായും വെട്ടിത്തെളിച്ചിട്ടുമില്ല. ശുചിമുറികളാവട്ടെ തെല്ലും ശുചിയാക്കിയിട്ടുമില്ല.

ഏറെ പിന്നില്‍ എരുമേലി
അയ്യപ്പ ഭക്തരുടെ സംഗമ ഭൂമിയായ എരുമേലിയില്‍ നല്ലൊരു ആശുപത്രി പോലുമില്ല. അയ്യപ്പന്മാര്‍ വിരിവെച്ച് മണിക്കുറുകളോളം വിശ്രമിച്ച് അഴുത താണ്ടി കല്ലിടാംകുന്നും കരിമലയും കടന്ന് പാരമ്പര്യ പാതയിലൂടെ ശബരിമലയ്‌ക്ക് പോകുന്നത് എരുമേലിവഴിയാണ്. വിരിവെയ്‌ക്കാന്‍ പോലുമുള്ള സൗകര്യം ഇപ്പോഴും ഇവിടെയില്ലെന്നുള്ളതാണ് ദുഃഖകരമായ വസ്തുത.

കെഎസ്ആര്‍ടിസി യുടെ അവസ്ഥയാണ് ഏറെ ദയനീയം. എരുമേലി മാസ്റ്റര്‍ പ്ലാന്‍ എന്നത് കടലാസില്‍ ഒതുങ്ങുന്നു. ശബരിമല അവലോകന യോഗം നടന്നത് രണ്ടു ദിവസം മുമ്പു മാത്രം. എരുമേലി ഉള്‍പ്പെടുന്ന ദേവസ്വം മുണ്ടക്കയം ഗ്രൂപ്പില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ പോലുമില്ല.

ശബരിമലയുടെ കവാടം
ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ മഹാദേവ ക്ഷേത്രമാണ് ഇടത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അപര്യാപ്തതയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലും സമാന അവസ്ഥയാണ്. സൗകര്യങ്ങളേക്കാള്‍ അസൗകര്യങ്ങളാണ് ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുഖമുദ്ര. ടെര്‍മിനല്‍ ബില്‍ഡിങ് പൊളിച്ചിട്ട് നാളേറെയായി.

നഗരത്തില്‍ ജനസാന്ദ്രത ഏറിയതിനാല്‍ ഗതാഗത കുരുക്കും ഏറെയാണ്. സ്വകാര്യ വാഹനങ്ങള്‍ ചെങ്ങന്നൂരില്‍ പാര്‍ക്ക് ചെയ്ത ശേഷം പമ്പയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ ഏറെയുണ്ട്. അവരുടെ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സൗകര്യമൊന്നും ഇവിടെയില്ല. വിരിവെയ്‌ക്കാനും മതിയായ സൗകരമില്ല. ശബരിമല തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ട്രെയിനില്‍ ചെങ്ങുന്നൂരില്‍ എത്തിയാണ് യാത്ര തുടരുന്നത്. ഇവര്‍ക്ക് വേണ്ട താമസ സൗകര്യവും കുറവാണ്. ശുചിമുറികള്‍ വേണ്ടത്രയില്ല.
അന്നദാനം, കുടിവെള്ള കേന്ദ്രങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രി എന്നിവയെല്ലാം പ്രശ്‌നമാണ്.

പത്തനംതിട്ട പ്രധാന നഗരം
ശബരിമലയുടെ ഏറ്റവും അടുത്തുള്ള പ്രധാന നഗരം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയാണ്. ശബരിമലയില്‍ ഭക്തര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇവിടെയുള്ള ജനറല്‍ ആശുപത്രിയാണ്. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഇനിയും കാര്യക്ഷമമായിട്ടില്ല. ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിടുകയാണ് പതിവ്. വര്‍ഷങ്ങളായിട്ടും ഈ പതിവിനു മാറ്റമില്ല, പരിഹാരവും. പത്തനംതിട്ടയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു വിഷയം. ഇവിടെയുള്ള ഇടത്താവളത്തില്‍ അന്നദാനം നടക്കുന്നുണ്ട് എന്നതു മാത്രമാണ് ഏകആശ്വാസം. വിരിവെയ്‌ക്കാനുള്ള കേന്ദ്രങ്ങളുടെ കുറവ് ശ്രദ്ധേയമാണ്.

ശുചിമുറി സൗകര്യങ്ങള്‍ ഒട്ടുമില്ല
തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ജില്ലയിലെ കുളിക്കടവുകള്‍ ഒന്നുപോലും വൃത്തിയാക്കിയിട്ടില്ല. കാനന പാതകളുടെ നവീകരണവും ബാക്കി നില്‍ക്കുന്നു.

By admin