
ഗ്രാമത്തിന്നിടതൂര്‍ന്നവെട്ടുവഴിയേ,
യേകാന്തനായുള്ളിലു-
ള്ളാത്മാവോടുരിയാടി ഹര്‍ഷഭരിതം
നീളുമ്പോള്‍, നീങ്ങുമ്പൊഴും,
പാലാഴിത്തിരപോലെ മന്ത്ര
ശരണാഘോഷത്തിമിര്‍പ്പിങ്കലും
നീ, വിശ്രാന്തവിശേഷമന്ദ്രമധുവാം
ഓങ്കാരമായുണ്‍മയില്‍
ഗ്രാമങ്ങളിലാണ് മണ്ഡലകാലത്തിന്റെ ഉണര്‍വേറെ. തിരക്കുപിടിച്ച നഗരം പലതാളത്തില്‍ പല വേഗത്തില്‍ ഓടുകയാണ്. ഗ്രാമം മഞ്ഞും മന്ദമാരുതനും ശരണ ഘോഷവും മണിനാദവും ഒക്കെയായി മണ്ഡലം കൊള്ളുകയാണ്.
ഗ്രാമത്തിലെ ചുറ്റും പച്ചപ്പ് ഇടതൂര്‍ന്ന, നീണ്ട ഒറ്റയടിപ്പാതയിലൂടെ ഒറ്റയ്‌ക്ക് നടന്നുപോകുമ്പോള്‍, തന്നത്തന്നെ പറയാതെ പറഞ്ഞ് പോകുമ്പോള്‍, ആനന്ദിക്കുമ്പോഴും പാലാഴിത്തിരത്തള്ളല്‍ പോലെ ആളൊത്തുകൂടുന്നിടത്ത് ശരണ ഘോഷം തിമിര്‍ക്കുമ്പോഴും അയ്യപ്പന്‍ അവാച്യമായ ആനന്ദാനുഭൂതി നല്‍കുന്ന ഓംകാര മന്ത്രസത്യത്തിന്റെ മൂളക്കവും മുഴക്കവുമായി തിരിച്ചറിയപ്പെടുന്നു.)