
മണ്ഡലകാലത്ത് ദിവസവും ഒരു ശ്ലോകം എന്ന രീതിയില്‍ ഈ കവിത പൂര്‍ണ്ണമായി സംസ്‌കൃതിയില്‍ പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനമെങ്കിലും വാര്‍ത്താബാഹുല്യത്താല്‍ ഇടയ്‌ക്ക് സംസ്‌കൃതി പേജ് മാറ്റിവെക്കേണ്ടിവന്നതിനാല്‍, മണ്ഡലപൂജയ്‌ക്കൊപ്പം കവിത പൂര്‍ണമാക്കുന്നതിന് 36 മുതല്‍ 41 വരെ ശ്ലോകങ്ങള്‍ ഒരുമിച്ചു നല്‍കുന്നു.
36
ഉണ്ടാം രാക്ഷസബുദ്ധിചേര്‍ന്ന
പലരങ്ങുണ്ടാക്കിവെയ്‌ക്കുന്നതാം
കുണ്ടാമണ്ടികള്‍ താണ്ടിടാന്‍,
കുടില ദുര്‍ഭാവം ചെറുത്തീടുവാന്‍
അപ്പാച്ചിക്കലുമിപ്പുറത്തുമിരു
മേട്ടില്‍ക്കാവലായീടുവാന്‍
നില്‍പ്പുണ്ടെന്നുമുണര്‍ന്ന,തില്‍
കടുരവന്‍ കാക്കും വിപത്താട്ടിടാന്‍.
(ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്നിടമാണ് അപ്പാച്ചിമേട്. മലമ്പാതയിലെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി എന്ന വന്‍ ഗര്‍ത്തങ്ങളില്‍ ഈ ദുര്‍ദേവതകള്‍ക്കായി ഭക്തര്‍ ഉണ്ടവഴിപാട് നടത്താറുണ്ട്. ദുര്‍ബുദ്ധികളായ ദേവതകളെ കാക്കുന്ന കടുരവന്‍ വിശ്വാസികളെ ഇവിടെ കാത്തുപോരുന്നു)
37
കാക്കുന്നൂ പതിനെട്ട് മാമലകളാര്‍,
കാണാന്‍ മഹാരൂപനെ-
ച്ചേര്‍ക്കുന്നോര്‍ വ്രതമേറെനാ,
ളവര്‍ ചവിട്ടുന്നൂ ദൃഢം തൃപ്പടി.
കാത്തീടുന്നവരെ,പ്പടിക്കിരുപുറം
നിന്നക്കടുത്ത,ക്കറു-
പ്പായി സ്വാമികള്‍, പിന്നെയോ
ശുഭദമാ,യമ്മക്കറുപ്പായിയും
(പതിനെട്ടു മാമലകള്‍ കാക്കുന്നത് കടുത്തയും കറുപ്പായിയുമാണ്. അവര്‍ വ്രതനിഷ്ഠരായി മഹാരൂപനായ സ്വാമിയെ മാത്രം മനസ്സില്‍ കണ്ട്, മലകള്‍ താണ്ടി തൃപ്പടിക്കലെത്തുമ്പോള്‍ അവിടെയമുണ്ട് കടുത്തസ്വാമിയും കറുപ്പായിസ്വാമിയും കറുപ്പായിയമ്മയും. പതിനെട്ടാംപടിയുടെ ഇടത്തും വലത്തുമായി ഇവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മലയിലേക്ക് നടക്കാനും പടികടക്കാനും ഇവര്‍ ഭക്തര്‍ക്ക് കൂട്ടുണ്ടെന്നാണ് വിശ്വാസം. എന്നാല്‍, എല്ലാ സ്വാമിമാരും ഈ പ്രതിഷ്ഠകള്‍ കണ്ടുവണങ്ങാന്‍ പടിക്കലെ തിരക്കുകൊണ്ടാവാം പരിശ്രമിച്ചുകാണാറില്ല)
38
പാപം പോക്കിടുവാന്‍, ഉരക്കുഴി
മഹാതീര്‍ഥം;കുളിച്ചയ്യനും
പാരം മാഹിഷനിഗ്രഹത്തിനൊടുവില്‍,
പുണ്യപ്രവാഹം ദൃഢം.
പാപക്കെട്ടുകളും പെരുത്തു,
വിപുലം പാപീകുലം, പോരിനി-
പ്പാരം പോ’ന്നുരലിന്‍ വലുപ്പ’
മതുമല്ലില്ലാതെയാക്കുന്നതും!
(മലയിലേക്കുള്ള വഴിയിലും മലയിലും ഓരോ അണുവും പുണ്യമാണ്, പവിത്രമാണ്. പൂങ്കാവന പുണ്യമെന്നാണല്ലോ സങ്കല്‍പ്പവും പരാമര്‍ശവും. മഹിഷിയെ വധിച്ച സ്വാമി, അതിനു ശേഷം കുളിച്ച് ശുദ്ധി നേടിയ പ്രവാഹമാണ് ഉരക്കുഴി തീര്‍ത്ഥം. ഇവിടെ സ്നാനം പാപം പോക്കുമെന്നാണ് വിശ്വാസം. ഉരലിന്റെ ആകൃതിയാണിതിന്. ഇക്കാലത്ത് തീര്‍ത്ഥാടകരുടെ ലൗകിക ജീവിത്തില്‍ അറിഞ്ഞും അറിയാതെയും ചെയ്ത കര്‍മ്മപാപങ്ങള്‍ ഇല്ലാതാക്കാന്‍ ഇവിടം മതിയാകാതെ വന്നിട്ടുണ്ടാവാം)
39
കാടാണ്, ആനയുമശ്വവും
പുലികളും കൂട്ടാളിമാരാണ,വര്‍-
ക്കാളായാണ് കുഴപ്പമേറ്റിടു
വരെക്കൊല്ലാനുമില്ലാമടി.
ഏവം സര്‍വരുമായ്‌ക്കഴിഞ്ഞ്
പുലരുംനാടാണ്, കാടെന്നപേര്‍-
മാത്രം, പാഠമിതാണ്;സര്‍വരുമൊരേ
ഞാനെന്ന തത്ത്വപ്പൊരുള്‍.
(കാടാണ്, അവിടെ ആനയും കുതിരയും പുലികളും ഒന്നിച്ചു കഴിയുന്നു. അവരില്‍ കുഴപ്പമുണ്ടാക്കുന്നവരെ കൊന്നുകളയാനും മടിയില്ലാതെയാണ് കാടിന്റെ നാഥനായ അയ്യപ്പന്‍. കാടും നാടും ഒന്നിച്ചുകഴിയുന്ന മറ്റൊരു നാടാണിവിടം, കാടെന്ന് വിളിക്കുന്നത് പേരിന് മാത്രമാണ്. ഇവിടം നല്‍കുന്ന പാഠമിതാണ്, എല്ലാവരും ഒന്നാണ്, അത് ‘ഞാന്‍’ ആണ്, തത്ത്വചിന്തയിലെ അഹം, അത് ബ്രഹ്‌മവുമാകുന്നു.)
40
എന്തും ചൊല്ലിവിളിച്ചിടാം ഹൃദയ
പൂര്‍വം, കേള്‍ക്കുമീനാഥന-
ങ്ങെല്ലാജീവിഗണത്തിലും
ഹൃദയവാന്‍,ഭേദങ്ങളില്ലാതവന്‍
ചെന്നാലോ പകരുന്ന ദര്‍ശന
മതങ്ങൊന്നാണ്,’നീയാണ’തെ-
ന്നല്ലോ സന്നിധി നല്‍കിടുന്ന-
വിരതം, നാനാത്വമേകത്വമായ്
(ഈ നാഥനെ എന്തു പേരും വിളിക്കാം; അത് ഹൃദയപൂര്‍വമായിരിക്കണമെന്നു മാത്രം, എങ്കില്‍ ‘വിളി കേള്‍ക്കും.’ എല്ലാ ജീവികളോടും പ്രിയമുള്ളവനാണ്, ഒന്നിനോടും ഭേദഭാവവുമില്ല. ആ സന്നിധിയില്‍ എത്തിച്ചേര്‍ന്നാല്‍ എല്ലാവര്‍ക്കും പകര്‍ന്നുകൊടുക്കുന്ന ദര്‍ശനം ഒന്നുതന്നെയാണ്, അതാകട്ടെ, ‘അത് നീയാകുന്നു’ എന്നാണ്. തത്ത്വമസിയുടെ അറിവിലൂടെ, അതിനപ്പുറം കടന്ന് അത് ഞാനാകുന്നു എന്ന ബോധം ജനിപ്പിക്കാന്‍ ‘നീയാകുന്നു’ എന്ന മഹാജ്ഞാനമാണ് എന്ന നാനാത്വം ഇല്ലാതാക്കുന്ന സന്ദേശമാകുന്നു അത്.)
41
കെട്ടാക്കിച്ചുമലേറ്റി,വന്‍ മലകയറ്റി,
കൂട്ടിരുത്തീട്ട്, നിന്‍-
കെട്ടെല്ലാ,മൊഴിയുന്നതാണ്
ഭവബന്ധക്കെട്ടൊഴിക്കല്‍,സ്വയം,
കെട്ടെല്ലാമഴിയാന്‍, സുദൃഢം സമര്‍പ്പിത
മനസ്സോടെന്നുമേറ്റം മന-
ക്കെട്ടേറ്റം മുറുകേണമെന്ന്
പറയുന്നയ്യന്‍ സദാ സ്പഷ്ടമായ്.
(കര്‍മ്മങ്ങളിലെ പുണ്യപാപമെല്ലാം കെട്ടാക്കിച്ചുമന്ന്, വലിയ മലകയറി, അയ്യന്റെ കൂടെയിരുന്ന്, ആ കെട്ടൊക്കെ അഴിക്കുമ്പോള്‍ ഇങ്ങനെ ലൗകിക ബന്ധങ്ങളുടെ കെട്ടുകള്‍ സ്വയം അഴിക്കുന്നതാണ് ഭവബന്ധങ്ങളുടെ കെട്ടഴിക്കല്‍ എന്ന് അങ്ങ് പഠിപ്പിക്കുന്നു. കെട്ടുകള്‍ ഒഴിയാന്‍, ദൃഢ സമര്‍പ്പിതമായ മനസ്സോടെ എന്നും മനക്കെട്ടുകള്‍ ഈശ്വരനില്‍ മുറുക്കിക്കൊണ്ടേയിരിക്കണമെന്നാണ് അയ്യന്‍ സ്പഷ്ടമായി പറയുന്നത്. ശബരിമല കയറി അയ്യനെ കാണുന്ന അനുഷ്ഠാനത്തിന്റെ തത്ത്വസാരസര്‍വ്വമാണ് ഈ വരികളില്‍ വിവരിക്കുന്നത്)
മണ്ഡലപൂരണം
ആഴിയ്‌ക്കുള്ളിലെരിച്ചിതൈഹിക
മഹാമോഹങ്ങളെല്ലാം, ത്യജി-
ച്ചൂഴിക്കെങ്ങനെ ചൂഴുമീ ബഹുവിധം
ഖേദങ്ങളില്ലാത്തനാള്‍-
വാഴിയ്‌ക്കാ,മതിനിന്നിതെന്റെ
സകലം നെയ്യായുരുക്കാം മഹദ്-
ഭാഗ്യം ചേര്‍ത്തിടുവാനതിന്നു
വഴികാട്ടി,ക്കാട്ടിലെക്കൂട്ടിനാല്‍
(സര്‍വ്വ സമര്‍പ്പണമാണിനി. ഐഹിക മോഹങ്ങളും മോഹിയായ തന്നെത്തന്നെയും തപസ്സിന്റെ ആഴിക്കുള്ളില്‍ എരിച്ചും ത്യജിച്ചും ഊഴിയിലെ പലവിധ ഖേദങ്ങള്‍ ഒന്നും ഇല്ലാതുള്ള നാളുകളില്‍ വാഴണം, അതിന് സകലവും നെയ്യുപോലെ ഉരുക്കാം, അതിനുള്ള ഭാഗ്യമാര്‍ഗ്ഗമാണ് സായുജ്യം- നിന്നോടുള്ള ചേര്‍ച്ച, അതിലേക്കുള്ള വഴിയാണ് ഈ കാട്ടിലെ കൂട്ടില്‍ എനിക്ക് തെളിഞ്ഞുകിട്ടിയത് ഇതായിരിക്കണം ഓരോ മലയിറക്കത്തിലും ഉള്ളില്‍ ജ്വലിക്കേണ്ട ചിന്തയും പ്രാര്‍ത്ഥനയും.)