
പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു.ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിച്ചു.അയ്യപ്പനെ യോഗനിദ്രയില്‍ നിന്നുണര്‍ത്തി.
തുടര്‍ന്ന് ക്ഷേത്രത്തിലെ നെയ്വിളക്കില്‍ നിന്നുള്ള ദീപവുമായി മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി ആഴിയിലേക്ക് അഗ്‌നി പകര്‍ന്നു. ആഴി, മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് വരെ കെടാതെ നില്‍ക്കും.
നിയുക്ത ശബരിമല മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി എന്നിവര്‍ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി.
വൃശ്ചിക പുലരിയില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറക്കും.നട തുറന്ന ദിവസം തന്നെ ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.