• Tue. Nov 11th, 2025

24×7 Live News

Apdin News

മണ്ണാറശാല പ്രകൃതീശ്വരിക്ക് പ്രസന്നപൂജ നല്‍കുന്നു

Byadmin

Nov 11, 2025



പ്രകൃതീശ്വരിയെ പ്രസന്നവതിയാക്കി പ്രണമിക്കുന്ന വിസ്മയഭൂമിയാണ് മണ്ണാറശ്ശാല നാഗരാജക്ഷേത്രവും ധന്യരായ അധികൃതരും. ഇവിട ഒഴുകിയെത്തുന്ന ആയിരങ്ങളുടെ വിഷമങ്ങളും വിഷങ്ങളും ശ്രീനാഗരാജാവും സര്‍പ്പയക്ഷിയും ദൂരീകരിക്കുന്നു. വിമലശ്രീയൊരുങ്ങിനില്‍ക്കുന്ന കീര്‍ത്തനീയമായ പുണ്യഭൂമിയാണിവിടം. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം നാഗവൃന്ദങ്ങള്‍ക്കും ഭക്തസഹസ്രങ്ങള്‍ക്കും മാഹാത്മ്യം നിറയുന്ന പുണ്യദിനങ്ങള്‍തന്നെ.

കന്നിമാസത്തിലെ ആയില്യത്തിനു ദര്‍ശനം സാധിക്കാതെ ദുഃഖിതനായിത്തീര്‍ന്ന മഹാരാജാവ് സ്വന്തമാവശ്യത്തിനായി തുലാം മാസം ആയില്യം കൂടി അതീവ മധുരമാക്കാന്‍ ഉത്‌സവാഘോഷങ്ങള്‍ നടപ്പാക്കി ദേവദര്‍ശനവും സാധിച്ചു. അങ്ങനെ തുലാംമാസ ആയില്യം പ്രസിദ്ധി നേടി.

ഐതിഹ്യങ്ങള്‍
ത്രേതായുഗത്തില്‍ ശ്രീഭാര്‍ഗ്ഗവരാമന്‍ ക്ഷത്രിയ നിഗ്രഹം നടത്തിയതിന്റെ പാപപരിഹാരാര്‍ത്ഥം സമുദ്രത്തില്‍നിന്ന് കേരളക്കര സൃഷ്ടിച്ച് ദിവ്യരായ ബ്രാഹ്‌മണര്‍ക്ക് ദാനമായി സമര്‍പ്പിച്ചുവെന്നും, സമുദ്രജാതമായ ഈ കേരളത്തിലെ മണ്ണും വെള്ളവും അമിതമായ ഉപ്പുരസത്താല്‍ ഉപയോഗ്യമല്ലാതായിരുന്നുവെന്നും ഈ ഭൂമിയെ ഫലസമൃദ്ധമാക്കുവാന്‍ പരശുരാമന്‍ വീണ്ടും തപസ്സനുഷ്ഠിച്ചുവെന്നും അതിനായി നാഗപ്രീ
തി വരുത്തുവാന്‍ പരമശിവന്‍ അരുളിയെന്നും വിശ്വസിച്ചുപോരുന്നു. അങ്ങനെ പരശുരാമന്റെ പ്രാര്‍ത്ഥനാനിരതമായ തപസ്സില്‍ സംതൃപ്തനായ, നാഗരാജാവ് ഉഗ്രവിഷമുള്ള തന്റെ പരിവാരങ്ങളെ ധാരാളം ഈ മണ്ണില്‍ വിന്യസിച്ചു. സര്‍പ്പവിഷത്തിന്റെ ആധിക്യത്താല്‍ ഉപ്പുരസം ശമിച്ചു. അങ്ങനെ ഈ സ്ഥലം അതീവമനോഹരമായ ഭൂപ്രദേശമായി. കമനീയവും ചേതോഹരവുമായ ഈ സ്ഥലം അന്നുമുതല്‍ മണ്ണാറശ്ശാലയെന്നു കീര്‍ത്തനീയമായി. നാഗരാജാവിനെ പ്രതിഷ്ഠിച്ചു. പൂജാവിധികളും പരശുരാമന്‍ നിശ്ചയിച്ചു. അതേ രീതികള്‍ മാറ്റമില്ലാതെ അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ഈ മഹാസന്നിധിയില്‍ ഇന്നും അഭംഗുരം തുടരുന്നു.

ആയില്യം നാളിന് അഹി എന്നും നാമമുണ്ട്. സര്‍പ്പജനനം അന്നാണ്. അന്ന് നടത്തുന്ന വഴിപാടുകള്‍ക്കെല്ലാം അതീവ ഫലപ്രാപ്തിയുണ്ട്. ശുദ്ധമനസ്സോടെ തലേന്നാള്‍ അത്താഴസദ്യ നടത്തി സര്‍പ്പരാജാവിനെ പ്രീതികരമാക്കുന്നു. ‘മാരാര്‍സദ്യ’-യെന്നറിയപ്പെടുന്നു. ഭക്തര്‍ക്ക് സദ്യ വിളമ്പുന്നത് നാഗരാജാവാണെന്നു വിശ്വസിച്ചുവരുന്നു. അവിടെ നാഗവൃന്ദങ്ങളും സന്നിഹിതരാകും. പൂയസദ്യക്കുള്ള മുളവുഷ്യം അതീവ സ്വാദിഷ്ടമെന്ന് ഭക്തലോകം വിളംബരം ചെയ്യുന്നു. മാറാരോഗങ്ങള്‍ക്കെല്ലാം മഹൗഷധങ്ങളെന്നും ദൃഢവിശ്വാസമായി ഭക്തര്‍ ഉറപ്പിക്കുന്നു. ദൂരദിക്കുകളില്‍നിന്നും അനേകം ഭക്തര്‍ ഈ ഔഷധത്തിനായി നിത്യവും ഈ പുണ്യസ്ഥലത്തേക്കെത്തുന്നു. പുള്ളുവര്‍ പാടുന്ന അതിരുചിരമായ ഗീതങ്ങള്‍ കേട്ടു തീര്‍ത്ഥമഗ്‌നയായി എത്തുന്ന വലിയമ്മ നാഗരാജാവിന്റെ തിരുവാഭരണവുമായി ഇല്ലത്തെ നോക്കിയുള്ള ഗമനം കാണുന്നതിനായും കണ്ണില്‍ പുണ്യം നിറയ്‌ക്കുന്നതിനായും ഭക്തസഹസ്രങ്ങള്‍ ഒഴുകിയെത്തുന്നു. അവാച്യമായ മധുരാനുഭൂതിയില്‍ ഭക്തലോകം ധര്‍മ്മപുണ്യം ആസ്വദിക്കുന്നു.

പണ്ട് ഇവിടെ സന്താനഭാഗ്യം ഇല്ലാതിരുന്ന കാലത്ത് ഇരിങ്ങാലക്കുടയിലെ എരിഞ്ഞാടപ്പള്ളി ഇല്ലത്തുനിന്നു പൂജയ്‌ക്കായി കൊണ്ടുവന്ന വാസുദേവന്‍ നമ്പൂതിരിയും ധര്‍മപത്‌നി ശ്രീദേവി അന്തര്‍ജനവും നാഗരാജാവിനെ ഭക്തിപൂര്‍വം ഭജിച്ചു. ഒരിക്കല്‍ അവിടെ വലിയ കാട്ടുതീയുണ്ടായി. ആ പ്രദേശം കത്തിക്കാളി. ഭയങ്കരമായി പൊള്ളലേറ്റ സര്‍പ്പങ്ങളെ ആ ബ്രാഹ്‌മണ ദമ്പതിമാര്‍ നന്നായി പരിചരിച്ചു ശുശ്രുഷിച്ചു. നൂറും പാലും കരിക്കും മഞ്ഞള്‍പ്പൊടിയും നല്‍കി. ആ സര്‍പ്പങ്ങള്‍ ആ മാതാവിന്റെ മടിയില്‍ക്കയറി ഇറങ്ങി കളിച്ചു നടന്നു. പിന്നീട് ശ്രീദേവിഅന്തര്‍ജനം ഗര്‍ഭിണിയായി. പത്താം മാസം മുറപ്രകാരം പ്രസവിച്ചു. അഞ്ചുതലയുള്ള ഒരു സര്‍പ്പരാജശിശുവും മനുഷ്യക്കുട്ടിയും ആയി രണ്ട് സന്താനങ്ങള്‍ ഉണ്ടായി. അഞ്ചുതലസര്‍പ്പവും അനുജന്‍ ബാലനും, കളിചിരികളോടെ വളര്‍ന്നു. സര്‍പ്പത്തെ കണ്ട് ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ ഭയപ്പെട്ടു. ശിവരാത്രി ഉത്‌സവകാലത്ത് ഭക്തരുടെ പരിഭവം കണ്ട ശ്രീദേവിയമ്മ ശാസനാരീതിയില്‍ ”നീ ഇരുട്ടത്തോ നിലവറയിലോ പോയിരിക്കൂ”- എന്നു കല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ ഫണിശ്രേഷ്ഠന്‍ ഇല്ലത്തെ നിലവറയില്‍ കയറി ഒളിച്ചു. ദുഃഖിതയായ അമ്മ കരഞ്ഞു. പ്രാര്‍ത്ഥിച്ചു. നൂറും (ചുണ്ണാമ്പ്) പാലും നല്‍കി. സര്‍പ്പരാജന്‍ അശരീരിയായി അന്തര്‍ജനത്തോടറിയിച്ചു. ”വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിലവറ തുറന്ന് എനിക്ക് പൂജചെയ്യുക. അത് അമ്മ മാത്രം പൂജിച്ചാല്‍ മതിയാകും.”- ആ മഹാവചനം ഇന്നും തറവാട്ടിലെ ഏറ്റവും പ്രായമുള്ള അമ്മ അഭംഗുരം ചെയ്തുവരുന്നു.

നിലവറയിലൊളിച്ച അഞ്ചുതല സര്‍പ്പത്തെ കുടുംബാംഗങ്ങള്‍ വിളിക്കുന്നത് മുത്തശ്ശന്‍ എന്നാണ് അദ്ദേഹത്തിന്റെ വിഹാരസ്ഥലമായ പിറകിലുള്ള ഘോരവനത്തെ-കാവിനെ അപ്പൂപ്പന്‍കാവെന്നും വിളിക്കുന്നു.

മണ്ണാറശ്ശാലയും മഹാഭാരത കഥയും
ആ കൊടുംദഹനത്തില്‍ ചൂട് അസഹ്യമായി. സര്‍പ്പക്കൂട്ടം ഓടിയണഞ്ഞത് മണ്ണാറശ്ശാലയിലേക്കാണ്. അവിടെ, തെക്കേമുറ്റത്ത് സര്‍പ്പങ്ങള്‍ ഓടിത്തളര്‍ന്നു കിടന്നു. അവിടെ നാല്‍പത്തിയൊന്നുവര്‍ഷം കൂടുമ്പോള്‍ സര്‍പ്പംപാട്ടെന്ന യജ്ഞമഹോത്‌സവം നടത്തുന്നു. അന്നവിടെ വന്നുകിടന്ന സര്‍പ്പങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചൂടാനായി അമ്മ വെള്ളംകോരിയൊഴിച്ചു. ചൂടിനടുത്തുള്ള മണ്ണിനു ചൂടാറി. അങ്ങനെ മണ്ണാറശ്ശാലയായിത്തീര്‍ന്നു. സര്‍പ്പബലിയും ഉണ്ട്.

സര്‍പ്പപ്പാട്ടുയജ്ഞ മഹോത്‌സവം: 41 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണിത്. ഇക്കാലത്ത് നാഗരാജപ്രീതി ചെയ്യുന്നവര്‍ക്ക് എല്ലാ ദേവന്മാരും സന്തോഷിച്ച് അനുഗ്രഹിക്കുമെന്ന് വിശ്വസിച്ചുപോരുന്നു. പിന്നത്തെവര്‍ഷം ഇതേ വേദിയില്‍ ഗന്ധര്‍വന്‍പാട്ടും നടത്തിവരുന്നു. കുറുപ്പന്‍മാര്‍ ശാസ്ത്രീയസംഗീതവും ആലപിക്കുന്നു. സര്‍പ്പകോപങ്ങളും സര്‍പ്പശാപങ്ങളുംമാറ്റി സര്‍പ്പപ്രസാദം ലഭിക്കുവാന്‍ ഇവിടെ വന്ന് ഭജിക്കുന്നവര്‍ക്ക് സന്താനം, സമ്പത്ത്, ആയുസ്സ്, ആരോഗ്യം എന്നിവയെല്ലാം ലഭിക്കുന്നു.

കലാകേദാരം
കലകളുടെ കലാലയം കൂടിയാണ് ഈ പുണ്യസങ്കേതം. ക്ഷേത്രകലകളായ കഥകളി, അക്ഷരശ്ലോകം, പാഠകം, ഓട്ടന്‍തുള്ളല്‍, ശാസ്ത്രീയസംഗീതം, നൃത്തമേളങ്ങള്‍ എന്നുവേണ്ട പ്രഗല്‍ഭ കലാകാരന്മാരെ അണിനിരത്തി 64 കലകളും ഇവിടെ പുറത്തെ കലാവേദിയില്‍ പുണര്‍തം, പൂയം, ആയില്യം നാളുകളിലായി സ്ഥാനംപിടിക്കുന്നു.

നൂറും പാലുമൊഴുക്കിടുന്നു
ചിലരീ ദേവന്‍ പ്രസാദിക്കുവാന്‍
സര്‍പ്പംപാട്ടിനു വന്നിടുന്നു
പലരും മോഹങ്ങള്‍ സാധിക്കുവാന്‍
പുള്ളോന്‍പാട്ടുകളെന്നുവേണ്ട
പലതാം സ്‌തോത്രങ്ങളും നേദ്യവും
തുള്ളിക്കൊണ്ടുകഴിപ്പതോര്‍ക്കു-
കിലഹോ! സര്‍വ്വം മഹാവിസ്മയം
സര്‍പ്പശ്രേഷ്ഠ! മനോഹരാംഗ
സുമതേദ്രീ വാസുകീനിന്‍ഫണ-
ശ്രേണീമഞ്ജുള രത്‌നശോഭ
കലരും ശ്രീ നീലകണ്ഠന്‍ ശിവന്‍
നൃത്തം ചെയ്‌വതു നോക്കിനിന്നു
ബഹുധാ വാഴ്‌ത്തുന്നു ഞാനീശനേ
നിന്നോടൊപ്പമതാണ് ഭാഗ്യ
ജലധേ! സജ്ജന്‍മലാഭോദയം

By admin