കൊച്ചി : മതം മാറ്റാൻ, പീഡിപ്പിക്കാൻ വേദനിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി . മതം മാറാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ട വാർത്ത ദയനീയമാണ്. ഒരു മതവും പരസ്പരം മാറ്റേണ്ടതില്ലെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
‘ നമ്മുടെ ഉള്ളിൽ ഒരു സത്യം ഉണ്ട് അത് തിരിച്ചറിയാതെ ജീവിക്കുന്നിടത്ത് ഒരു മതത്തിനും പ്രസക്തിയില്ല. പ്രണയിക്കുന്നവരെ നമുക്ക് ഒരിക്കലും വേദനിപ്പിക്കാൻ പറ്റില്ല. എന്റെ പ്രണയത്തെ ഞാൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. മതം മാറ്റാൻ, പീഡിപ്പിക്കാൻ വേദനിപ്പിക്കാൻ ഒരാളെ ഒപ്പം കൂട്ടുന്നത് പ്രണയമല്ല.
മഴവിൽക്കാവടി സിനിമയുടെ ക്ലൈമാക്സിൽ ഉർവശിയുടെ കഥാപാത്രം മുരുകനെ നോക്കുമ്പോൾ കരയുന്നുണ്ട്. ചിത്രീകരണത്തിനിടയിൽ അത് കണ്ട് ഞാനും കരഞ്ഞു. എന്റെ ഉള്ളിലെ സ്നേഹം അത്രയും തീവ്രമായതുകൊണ്ടാണത്. പ്രണയം മാത്രമല്ല എല്ലാ മനുഷ്യ ബന്ധങ്ങളും എന്റെ പാട്ടിലുണ്ട്.
50 കൊല്ലമായി ഞാൻ യാത്ര ചെയ്യുകയാണ്. എന്റെ കയ്യിൽ ഉള്ള 13 രൂപയുമായി നാട് വിട്ട് മൂകാംബിക പോയി. സാധാരണക്കാരനായ കൈതപ്രംകാരൻ എഴുത്തുകാരനായത് ആ അമ്മയുടെ കാരുണ്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഫാസിലിന്റെ ചിത്രത്തിൽ പാട്ടെഴുതാൻ ആലപ്പുഴ എത്തണം എന്നാവശ്യപ്പെട്ട് ഒരു ഫോൺ ഒരു ഫോൺ കോൾ വന്നു.
അവിടെ ചെന്നപ്പോളാണ് ജെറി അമൽ ദേവിനെ പരിചയപ്പെടുന്നത്. ട്യൂണിട്ട് പാട്ടെഴുതാനൊന്നും എനിക്ക് അന്നറിയില്ല. ജെറിയുടെ ട്യൂൺ കേട്ടപ്പോൾ മൂകാംബികയിലെ സരസ്വതി മണ്ഡപത്തിനടത്തുള്ള ദുന്ദുഭി എന്ന വാദ്യോപകരണം മനസ്സിലേക്ക് ഓർമ വന്നു. അങ്ങനെയാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ദേവദുന്ദുഭി എന്ന പാട്ട് പിറക്കുന്നത്. അമ്മയാണ് എന്നെക്കൊണ്ട് പാട്ടെഴുതിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‘ അദ്ദേഹം പറഞ്ഞു.