കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.സി. ജോര്‍ജ് ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും ഹൈകോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.