
കൊല്ലം: തെറ്റുതിരുത്തല്‍ നടപടികള്‍ താഴേ തട്ടുവരെ എത്തിക്കുന്നതില്‍ പോളിറ്റ് ബ്യൂറോ പരാജയപ്പെട്ടെന്നു സി.പി.എം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ രേഖയില്‍ വിമര്‍ശനം. ഗാര്‍ഹിക പീഡനം, സ്ത്രീധനം, പുരുഷ മേധാവിത്വം, അഴിമതി തുടങ്ങിയ പ്രവണതകള്‍ തുടരുന്നുവെന്നും രേഖയില്‍ പറയുന്നു. താഴേത്തലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പി.ബി. പരാജയപ്പെട്ടു.
ഗാര്‍ഹിക പീഡനവും സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കളില്‍ ഇപ്പോഴുമുണ്ട്. മതസ്വാധീനത്തിനും അന്ധവിശ്വാസത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുന്നു. തെലങ്കാനയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഴിമതി പ്രധാന വിഷയമാണെന്നും കുറ്റപ്പെടുത്തുന്നു. തമിഴ്‌നാടിന്റെ പേരെടുത്തു പറഞ്ഞും വിമര്‍ശനമുണ്ട്. ബംഗാളില്‍ ജനാധിപത്യ കേന്ദ്രീകരണം ഒട്ടുമില്ല.
കേരളത്തില്‍ എസ്.എഫ്.ഐയില്‍ തെറ്റായ പ്രവണതകള്‍ കാണുന്നു. ഇത് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെടുന്നുണ്ട്. എന്നാലും കാമ്പസുകളില്‍ എസ്.എഫ്.ഐ. ശക്തമാണ്. പാര്‍ട്ടിയില്‍ അംഗങ്ങളെ പാര്‍ട്ടി തലത്തില്‍ തന്നെ ഉയര്‍ത്തി കൊണ്ടു വരാന്‍ കഴിയണം. ത്രിപുരയില്‍ 5,000 അംഗങ്ങള്‍ കുറഞ്ഞതും രേഖയിലുണ്ട്. കേരളത്തില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ 3,000 അംഗങ്ങളുടെ കുറവുണ്ടായി. പാര്‍ട്ടിയില്‍ അടിസ്ഥാന വര്‍ഗ പ്രാതിനിധ്യം കൂടി. നേതൃശേഷിയും സ്വാധീനവുമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. ആകെ അംഗസംഖ്യയുടെ 25 ശതമാനം സ്ത്രീകള്‍ ആയിരിക്കണമെന്ന കൊല്‍ക്കത്ത പ്ലീനത്തിലെ ധാരണ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം.
പുതിയ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പു സംബന്ധിച്ചു ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് സി.പി.എം. കേരള ഘടകം പറയുന്നു. സി.പി.എമ്മിന്റെ പരമോന്നത വേദിയായ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയെയും പോളിറ്റ്ബ്യൂറോയെയും നിശ്ചയിക്കും. കരട് സംഘടനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനങ്ങള്‍ തിരിച്ചോ മറ്റു ഘടകങ്ങള്‍ തിരിച്ചോ മുന്‍കൂര്‍ ചര്‍ച്ചയോ തീരുമാനമോ ഇക്കാര്യത്തില്‍ നടക്കാറില്ലെന്നും അവര്‍ പറയുന്നു.