മേറഠ്(ഉത്തര്‍പ്രദേശ്): ബ്രേക്കിങ് ന്യൂസിനുള്ള പാച്ചിലില്‍ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍. ഏറ്റവുമാദ്യം വാര്‍ത്ത നല്കാനുള്ള മത്സരമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ഇത് മൂലം വസ്തുതകള്‍ പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേറഠ് വിശ്വ സംവാദ് കേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര കുമാര്‍.
വസ്തുതകള്‍ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയിലെ വിശ്വാസ്യത തിരികെക്കൊണ്ടുവരാന്‍ സാധിക്കൂ. മാധ്യമപ്രവര്‍ത്തനത്തില്‍ അജണ്ടകള്‍ക്ക് വേണ്ടിയുള്ള വാര്‍ത്താ നിര്‍മിതി വര്‍ധിച്ചിരിക്കുന്നു. വാര്‍ത്തകളെ താല്പര്യങ്ങളുമായി കൂട്ടിയിണക്കുന്ന പ്രവണത ശരിയല്ല. ദേവര്‍ഷി നാരദന്‍ എല്ലാ വിഭാഗങ്ങളെയും മനസിലാക്കി പൊതുതാല്പര്യം പരിഗണിച്ച് വിവരങ്ങള്‍ കൈമാറിയിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രേരണയായി കാണണമെന്ന് പറയുന്നത്, നരേന്ദ്രകുമാര്‍ പറഞ്ഞു.
സത്യം, ശിവം, സുന്ദരം എന്നിവയാണ് വാര്‍ത്തകള്‍ മൂന്ന് ലോകത്തിനും കൈമാറാന്‍ നാരദമഹര്‍ഷി ആധാരമാക്കിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജ വിവരണങ്ങള്‍ ഒഴിവാക്കണം, തൊഴിലിനോട് മാത്രമല്ല, രാജ്യത്തോടും നമുക്ക് ഉത്തരവാദിത്തമുണ്ടായിരിക്കണം.
വേഗത, കൃത്യത, നിഷ്പക്ഷത എന്നിവയായിരുന്നുവെന്ന് നാരദമഹര്‍ഷിയുടെ സവിശേഷതയെന്ന് പരിപാടിയില്‍ മുഖ്യാതിഥി ആയ മഹാത്മാഗാന്ധി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സഞ്ജീവ് കുമാര്‍ ശര്‍മ്മ പറഞ്ഞു. രാമായണം പോലുള്ള ഒരു ഇതിഹാസം എഴുതാനുള്ള പ്രചോദനം വാല്മീകി മഹര്‍ഷിക്ക് ലഭിച്ചത് ദേവര്‍ഷി നാരദനില്‍ നിന്നാണ്. ഒരു രാജാവെന്ന നിലയില്‍ ധര്‍മ്മരാജ യുധിഷ്ഠിരന് അറിവ് പകര്‍ന്നതും അദ്ദേഹമാണ്, സഞ്ജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.
മേറഠ് മേയര്‍ ഹരികാന്ത് അലുവാലിയ, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍ ദീക്ഷിത്, തുടങ്ങിയവര്‍ സംസാരിച്ചു.