കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര ഫിഷറീസ് വകുപ്പ് നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘം അടുത്തയാഴ്ച കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍.
കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയച്ച് വ്യക്തമായ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് താത്പര്യമോ അതിനുള്ള ഇച്ഛാശക്തിയോ അവര്‍ക്കില്ല. മത്സ്യമേഖലയിലെ സംഘടിത ശക്തിയെ തളര്‍ത്തുക, ഇല്ലാതാക്കുക, അസംഘടിതരാക്കി മാറ്റി നിര്‍ത്തുക എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് കേരള സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ഈ നിഷേധാത്മക നടപടിക്ക് ഒറ്റ ഉത്തരമേയുള്ളൂ സംഘടിത ശക്തി സമാഹരിക്കുക. എല്ലാ മത്സ്യബന്ധന തൊഴിലാളികളെയും സംഘടിപ്പിച്ച് കൊണ്ടുള്ള സംഘടിത ശക്തിയിലൂന്നി വേണം ഇതിനെല്ലാം പരിഹാരം കാണാനെന്നും കുമ്മനം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി നിരവധി പദ്ധതികള്‍ കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്. അതിന്റെ 40 ശതമാനം കേരള സര്‍ക്കാര്‍ വഹിക്കണം. പക്ഷെ സംസ്ഥാനം അതിന് തയാറല്ല. അതുകൊണ്ടാണ് പല കേന്ദ്ര പദ്ധതികളും കേരളത്തില്‍ നടപ്പാകാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി വിഭാഗത്തെയാണെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സാമൂതിരിയുടെ കാലം തൊട്ട് അത് നിലവിലുണ്ട്. അത് തന്നെയാണ് കോതമംഗലത്തും സംഭവിച്ചത്. കോതമംഗലം പ്രശ്‌നത്തില്‍ പല സത്യങ്ങളും മറച്ചുവെച്ചിട്ടുണ്ട്. അതെല്ലാം പറഞ്ഞാല്‍ മതസൗഹാര്‍ദം തകര്‍ന്നു പോകുമെന്നാണ് പറയുന്നത്. അങ്ങനെ സത്യം പറഞ്ഞാല്‍ തകര്‍ന്നു പോകുന്നതാണ് മത സൗഹാര്‍ദമെന്നുണ്ടെങ്കില്‍ ആ മതസൗഹാര്‍ദത്തെക്കാള്‍ മഹത്വം സത്യത്തിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്‍ അദ്ധ്യക്ഷനായി. ‘സംഘടനാ പ്രവര്‍ത്തകന്‍’ എന്ന വിഷയത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, സഹകരണ സംഘത്തിന്റെ സാധ്യതയും രൂപീകരണവും എന്ന വിഷയത്തില്‍ റിട്ട. ഫിഷറീസ് അസി. രജിസ്ട്രാര്‍ വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍ സമാപന പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. ശിശുപാലന്‍, സി. ശ്രീനിവാസന്‍, വി. സതി ബാലന്‍, സംസ്ഥാന സെക്രട്ടറി ഇന്ദിര മുരളി, സംസ്ഥാന സമിതി അംഗങ്ങളായ ജോഷി മുത്തകുന്നം, പി.പി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ് സ്വാഗതവും ട്രഷറര്‍ കെ.ജി. സുരേഷ് നന്ദിയും പറഞ്ഞു.