റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.
അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.