മദ്യപിച്ച് വാഹന പരിശോധനനടത്തിയ എംവിഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എം.എസ് ബിനുവിനെതിരെയാണ് നടപടി. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെ തൃക്കാക്കര തോപ്പില്‍ ജങ്ഷനിലായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച കാര്യം മനസിലാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ ആയിരുന്നില്ല. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്. സംഭവത്തില്‍ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവില്‍പ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണവും വരേണ്ടതുണ്ട്.