മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.
കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.