മധ്യപ്രദേശിലെ ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ എലികടിച്ച് നവജാത ശിശുക്കള്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ എലികളുടെ കടിയേറ്റ് രണ്ട് കുട്ടികളാണ് മരിച്ചത്.
കഴിഞ്ഞ ആഴ്ച ജനിച്ച നവജാത ശിശുക്കളെ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലെ (എംവൈഎച്ച്) നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റ നവജാത ശിശുക്കളെ കണ്ടപ്പോള്‍ ആശുപത്രിയിലെ നഴ്‌സ് സംഘം ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചു.
തുടര്‍ന്ന് അധികൃതര്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നവജാത ശിശുക്കളുടെ സമീപത്തുള്ള ഒരു ഊഞ്ഞാലില്‍ എലികള്‍ ചാടുന്നത് കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എലികള്‍ ഒരു നവജാത ശിശുവിന്റെ തലക്കും തോളിനും പരിക്കേല്‍പ്പിക്കുകയും മറ്റൊരു കുഞ്ഞിന്റെ വിരലുകള്‍ കടിച്ചുമുറിക്കുകയും ചെയ്തു. ഐസിയുവിനുള്ളില്‍ എലികള്‍ കിടക്കുന്നതിന്റെ വിഡിയോ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ ആദ്യത്തെ കുഞ്ഞിന്റെ മരണം എലിയുടെ ആക്രമണം കൊണ്ടല്ലെന്നും ന്യുമോണിയ മൂലമാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
ഈ ഗുരുതരമായ സംഭവവും അശ്രദ്ധയും കണക്കിലെടുത്ത് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.