• Thu. Apr 3rd, 2025

24×7 Live News

Apdin News

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്തി ഹിന്ദുത്വവാദികള്‍ – Chandrika Daily

Byadmin

Apr 2, 2025


മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണിതെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ വിശ്വാസികളെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസിന്റെ സാന്നിധ്യത്തില്‍ വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്റെയും അക്രമത്തിന്റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.

‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള മനഃപൂര്‍വമായ തന്ത്രമാണ്,’ സിബിസിഐ പറയുന്നു.’ഭരണഘടനാ മൂല്യങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മാണത്തിലും ക്രിസ്ത്യന്‍ സമൂഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പീഡനങ്ങള്‍ അവര്‍ തുടര്‍ന്നും നേരിടുന്നു എന്നത് വളരെ ആശങ്കാജനകമാണ്.’ സിബിസിഐ വിശദീകരിക്കുന്നു.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംഘടന മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവരുള്‍പ്പെടെയുള്ളവരോട് ഇടപെടാനും നീതി ഉറപ്പാക്കാനും സിബിസിഐ ആവശ്യപ്പെട്ടു.’ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കിയാണ് വളരുന്നത്,’ സിബിസിഐ ഊന്നിപ്പറഞ്ഞു.



By admin