• Sat. Sep 6th, 2025

24×7 Live News

Apdin News

മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവര്‍ത്തി; സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്‍ – Chandrika Daily

Byadmin

Sep 5, 2025


കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യനെന്ന പരിഗണ നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവര്‍ത്തിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദിച്ചു. ഇവരുടെ പ്രവൃത്തി പൊലീസ് സേനക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

കുന്നംകുളം എസ്‌ഐയായിരുന്ന നുഹ്മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ ചുമത്തിയ കുറ്റം. സ്‌റ്റേഷനില്‍ കൊണ്ടുവന്നത് മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് തുടക്കം മുതല്‍ ഉണ്ടായത്. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം . ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



By admin