ബെര്‍ലിന്‍: കഴിഞ്ഞ 12 വർഷത്തിനിടെ നൂറ്റിമുപ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുരോഗ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ വിവിധ ക്ലിനിക്കുകളിൽ സേവനമനുഷ്ഠിച്ചിരുന്ന 46 വയസ്സുകാരനായ ഡോക്ടറാണ് പിടിയിലായത്. റാഥെനോവ്, നൗവെൻ എന്നിവിടങ്ങളിലെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇയാൾ ദീർഘകാലമായി ഈ കൊടുംക്രൂരത തുടർന്നുപോന്നത്.
2013 ഡിസംബർ മുതൽ കഴിഞ്ഞ നവംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയ കുട്ടികളെ പരിശോധനയുടെ മറവിൽ ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. വർഷങ്ങളോളം ആരും അറിയാതെ തുടർന്ന ഇയാളുടെ ക്രൂരകൃത്യങ്ങൾ ഒടുവിൽ ഒരു അമ്മയുടെ ധീരമായ ഇടപെടലിലൂടെയാണ് പുറംലോകമറിഞ്ഞത്. റാഥെനോ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ തന്റെ കുട്ടി ഡോക്ടറുടെ പക്കൽ നിന്നും മോശം അനുഭവം നേരിട്ടതായി മനസ്സിലാക്കിയ മാതാവ് നൽകിയ പരാതിയാണ് വലിയൊരു കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ നൂറിലധികം കുട്ടികൾ ഇയാളുടെ ഇരകളായിട്ടുണ്ടെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കർശനമായ നിയമനടപടികളാണ് ജർമ്മൻ അധികൃതർ സ്വീകരിച്ചുവരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.