മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വി. അബ്ദുറഹിമാന് പിന്തുണ നല്കിയെന്ന വെളിപ്പെടുത്തലുമായി എസ്ഡിപിഐ. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. അബ്ദുറഹിമാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിേയറ്റ് പറഞ്ഞു.
സിപിഎം നേതാവ് എ. വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവനയെ അനൂകൂലിച്ച മന്ത്രി വി. അബ്ദുറഹിമാന്‍, താന്‍ വന്ന വഴികള്‍ മറക്കേണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റിന്റെ ഫെയ്‌സ്ബുക്കിലൂടെ താക്കീത് നല്കി.
വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി. അബ്ദുറഹിമാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ വയനാട് ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രിയങ്കയും രാഹുലും ജയിച്ചത് മതമൗലികവാദികളുടെ വോട്ട് വാങ്ങിയാണെന്ന് സിപിഎം നേതാവ് എ. വിജയരാഘവന്റെ പ്രസ്താവനയും പുറത്ത് വന്നു. ഇതിനെ മന്ത്രി അബ്ദുറഹിമാനും പിന്തുണച്ചു. ഇതാണ് എസ്ഡിപിഐയെ ചൊടിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പിഡിപി അടക്കമുള്ള ഭീകര സംഘടനകളുടെ നേതാക്കളും പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ട് വാങ്ങിയാണ് എല്‍ഡിഎഫും യുഡിഎഫും വിജയിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.