
കണ്ണൂര്‍:കെ എസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന് കാട്ടി ആശുപത്രിയിലുളള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ചു.കഴുത്തിനേറ്റ ക്ഷതത്തില്‍ വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശമുണ്ട്.
മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കെഎസ്യുവിന്റെ വിവാദത്തിലായ പ്രതിഷേധം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആശുപത്രിയില്‍ വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. വീണാ ജോര്‍ജിന് നേരെ ഇന്ന് പ്രതിപക്ഷയുവജന സംഘടനകള്‍ കണ്ണൂരിലെ വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്.
എന്നാല്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താനായില്ലെന്നും പിന്നെങ്ങനെ ആക്രമിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.മന്ത്രിയുടേത് അഭിനയമെന്നാണ് വാദം.