• Mon. Jan 19th, 2026

24×7 Live News

Apdin News

മന്ത്രി സജി ചെറിയാന്റെ മലപ്പുറം, കാസര്‍കോട് പരാമര്‍ശങ്ങള്‍ അത്ര ശരിയാണെന്ന് തോന്നുന്നില്ല; റഹ്‌മത്തുള്ള സഖാഫി

Byadmin

Jan 19, 2026



മലപ്പുറം: രാഷ്‌ട്രീയ, മതനേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ടെന്ന് എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. മന്ത്രി സജി ചെറിയാന്റെ മലപ്പുറം, കാസര്‍കോട് പരാമര്‍ശങ്ങള്‍ അത്ര ശരിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടത്തില്‍ എറണാകുളവും പാലായും ഇടുക്കിയും കോട്ടയവും ഒക്കെ പറഞ്ഞിരുന്നുവെങ്കില്‍
തെറ്റിദ്ധാരണ വരില്ലായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മണ്ഡലത്തിലെ മതവും സാമൂഹിക സന്തുലിതത്വവും നോക്കാറുണ്ട്. മഞ്ചേരിയില്‍ ബിജെപി പോലും മുസ്ലിം പേരുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് മറക്കാറായിട്ടില്ല. ഇതൊക്കെ വര്‍ഗീയതയായി വ്യാഖ്യാനിക്കുന്നത് യഥാര്‍ത്ഥ വര്‍ഗീയതയ്‌ക്ക് വളം നല്‍കലാവില്ലേയെന്നും റഹ്‌മത്തുള്ള സഖാഫി എളമരം ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. മലപ്പുറത്ത് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നവരുടെ പേരെടുത്ത് നിങ്ങള്‍ വായിച്ചു നോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അങ്ങനെ പോകാന്‍ പാടുണ്ടോ? കാസര്‍കോട് മുന്‍സിപ്പാലിറ്റി എടുത്ത് നോക്കു. ഇവിടെ എല്ലാവര്‍ക്കും മത്സരിക്കണം. എല്ലാവര്‍ക്കും ജനാധിപത്യപ്രകിയയില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. മുസ്ലിം ലീഗ് കേരളത്തില്‍ ഉണ്ടാക്കുന്ന ധ്രുവീകരണം ആര്‍ക്കും മനസ്സിലാകാത്തത് അല്ല. മുസ്ലിം ലീഗ് ഒരു വിഭാഗത്തെ വര്‍ഗ്ഗീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയല്ലേയെന്നും മന്ത്രി ചോദിച്ചിരുന്നു.

By admin