
ചങ്ങനാശ്ശേരി: കേരള രാഷ്‌ട്രീയത്തിലെ സോഷ്യല്‍ എന്‍ജിനീയറിങ്ങിനെ സ്വാധീനിക്കാന്‍ എന്‍എസ്എസിനേ കഴിയൂവെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഡോ. സിറിയക് തോമസ്. 149-ാമത് മന്നം ജയന്തി ആഘോഷം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങള്‍ക്കു ക്ഷതമേല്‍പ്പിക്കാതെ നായര്‍ സമുദായോന്നതിക്കായി പ്രവര്‍ത്തിക്കണമെന്ന് എന്‍എസ്എസ് പ്രതിജ്ഞാ വാചകത്തില്‍ എഴുതിച്ചേര്‍ത്തത് ഭംഗിക്കു വേണ്ടിയല്ല. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കെ. കേളപ്പനും വൈക്കം സത്യഗ്രഹത്തില്‍ മന്നത്ത് പദ്മനാഭനും നേതാക്കളായത് അവരുടെ ഹൃദയ ക്ഷേത്രത്തില്‍ കെടാതെ കൊണ്ടുനടന്നിരുന്ന ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും തീജ്വാലയുടെ ഫലമായാണ്.
ശബരിമലയിലെ ആചാരലംഘനത്തിനെതിരേ നാമജപ ഘോഷയാത്ര നടത്തിയുള്ള എന്‍എസ്എസ് പ്രതികരണം പുതിയൊരു സമര മുഖമാണ്. അതില്‍ രാഷ്‌ട്രീയമില്ലായിരുന്നു. വിശ്വാസികളുടെ മനസിലുണ്ടായ മുറിവിനോടുള്ള പോസിറ്റീവ് ഇടപെടലായിരുന്നു. ഒരു ആലോചനാ യോഗം പോലും വിളിച്ചുചേര്‍ക്കാതെ നടത്തിയ ഘോഷയാത്ര ചരിത്ര സംഭവമായി. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേയുള്ള നീക്കങ്ങളിലൂടെ എന്‍എസ്എസ് ശക്തിസ്രോതസ്സായി. ഇതിനെ രാഷ്‌ട്രീയമായിട്ടാണ് മറ്റു പലരും കണ്ടത്. അധികാരത്തിലെത്താനുള്ള എളുപ്പവഴി എന്‍എസ്എസിനെ പിണക്കാതിരിക്കുകയെന്നതാണെന്ന് ജന നേതാക്കളും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നവരും മനസിലാക്കണമെന്ന് ഒരു കഥ വിവരിച്ച് ഡോ. സിറിയക് തോമസ് പറഞ്ഞു.
ഗാന്ധിജി നാടിന്റെ ജീവാത്മാവാണ്. ഭാരതത്തെ കണ്ടെത്തിയത് ഗാന്ധിജിയാണ്. ആധുനിക ഭാരതത്തിന്റെ രാഷ്‌ട്രീയ തേജസും ആത്മീയ തേജസും ഗാന്ധിജിയാണ്. ഗാന്ധിജിയെ തമസ്‌കരിച്ചാല്‍ അത് രാഷ്‌ട്രീയ മഹാപാപമാണ്. മന്നവും കെ. കേളപ്പനും അവരുടെ അവസാന ശ്വാസം വരെയും ഗാന്ധി ഭക്തരും ദേശീയവാദികളുമായിരുന്നു, അദ്ദേഹം തുടര്‍ന്നു.